കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ നിന്ന് പിൻവാങ്ങുന്നതിന് മുൻപ് ജനങ്ങളോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങൾ തന്നെ ഒരു കുടുംബത്തിലെ അംഗത്തെ പോലെയാണ് കണ്ടത്. ഞാൻ ഇന്ത്യ ഗവൺമെന്റിനോട് കഷ്ടപ്പെട്ട് പോരാടിയപ്പോൾ, എല്ലാ ഭരണ സംവിധാനങ്ങളും അവർ എനിക്കെതിരെ ഉപയോഗിച്ചപ്പോൾ നിങ്ങൾ തന്ന സ്നേഹം നിങ്ങൾ എനിക്ക് നൽകിയ വോട്ടിനേക്കാളും വിലയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
അദാനിക്കും അംബാനിക്കും ഗുണം ചെയ്യാൻ പറയുന്ന ദൈവമാണ് മോദിയുടേതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്റ ദൈവം ജനങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഒരു സാധാരണ തിരഞ്ഞെടുപ്പായിരുന്നില്ല ഇത്തവണത്തേതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും മോദിക്ക് ഒപ്പം നിന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും രാഹുൽ പറഞ്ഞു. ഇഡിയും മറ്റ് അന്വേഷണ ഏജൻസികൾക്കും പുറമെ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നടങ്കം ബിജെപിക്കൊപ്പമായിരുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
അൽപ്പ സമയം മുൻപാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലം വിടുന്നുവെന്ന് കെപിസിസി അദ്ധ്യക്ഷൻ സ്ഥിരീകരിച്ചത്. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ സാധിക്കില്ല. അദ്ദേഹത്തിൻറെ വ്യക്തിത്വം ജനം സ്വീകരിച്ചു. ആയിരക്കണക്കിനു കിലോമീറ്ററുകൾ അദ്ദേഹം സഞ്ചരിച്ചത് ജനഹൃദയങ്ങളിലേറിയാണ്. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് രാഹുൽ എത്തിയെന്നും കെ സുധാകരൻ പറഞ്ഞു.
Discussion about this post