തായ്‌പേയ് : അനധികൃതമായി ദ്വീപിൽ പ്രവേശിച്ച ചൈനീസ് നാവികസേനയുടെ മുൻ ക്യാപ്റ്റനെ തായ്‌വാൻ അറസ്റ്റ് ചെയ്തു. സ്‌പീഡ് ബോട്ടിൽ തായ്‌പേയ് തുറമുഖത്ത് അനധികൃതമായി പ്രവേശിച്ചതിനാണ് മുൻ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തായ്‌വാനിലെ കോസ്റ്റ് ഗാർഡ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തായ്‌വാനെ ചൈനയിൽ നിന്ന് വേർതിരിക്കുന്ന 160 കിലോമീറ്റർ തായ്‌വാൻ കടലിടുക്കിലൂടെ തൻ്റെ ചെറിയ സ്പീഡ് ബോട്ടിൽ യാത്ര ചെയ്താണ് മുൻ ചൈനീസ് നാവികസേന ക്യാപ്റ്റൻ തായ്‌പേയ് ദ്വീപിൽ എത്തിയിരുന്നത്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയിലെ റുവാൻ എന്ന 60 വയസ്സുകാരനാണ് തായ്വാൻ പോലീസിന്റെ കസ്റ്റഡിയിൽ ആയിരിക്കുന്നത്.
തായ്‌വാന് എതിരായുള്ള ചൈനയുടെ ‘ഗ്രേ സോൺ’ പ്രവർത്തനങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രി വെല്ലിംഗ്ടൺ കൂ വ്യക്തമാക്കി. തുറന്ന പോരാട്ടത്തിൽ ഏർപ്പെടാതെ തന്നെ ഒരു പ്രദേശത്തെ വിലയിരുത്തുന്നതിനുള്ള തന്ത്രങ്ങളെ ആണ് ‘ഗ്രേ സോൺ’ പ്രവർത്തനങ്ങൾ എന്ന് പറയുന്നത്. ചൈന ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടത്തിവരുകയാണെന്നാണ് തായ്‌വാൻ ഭരണകൂടം പരാതി ഉന്നയിക്കുന്നത്.
Discussion about this post