ന്യൂഡൽഹി : റഷ്യ-യുക്രൈൻ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ വഴി റഷ്യയിലെത്തി റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. റിക്രൂട്ടിംഗ് ഏജൻസികളെ ജാഗ്രതയോടെ കാണണമെന്നും വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരന്മാരെ അറിയിച്ചു.
ന്യൂഡൽഹിയിലെ റഷ്യൻ അംബാസഡറോടും മോസ്‌കോയിലെ അധികാരികളോടും റഷ്യൻ സൈന്യത്തിനൊപ്പമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും വേഗത്തിൽ മോചിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്. മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലേക്ക് പ്രലോഭിപ്പിച്ചു കടത്തുന്ന മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധമുള്ള നാല് പേരെ സിബിഐ കഴിഞ്ഞ മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post