ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി വ്യക്തമാക്കി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
അതിനിടെ കുവൈത്ത് ദുരന്തം വീണ്ടും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡിഎൻഎ പരിശോധന ഫലം കൂടി കിട്ടിയ ശേഷമേ നാട്ടിലെത്തിക്കാനാകൂയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിലെത്തി. അദ്ദേഹവും സംഘവും സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. പ്രാഥമിക വിവരം ലഭിച്ച ശേഷം ദില്ലിയിൽ ഉന്നതതല യോഗം നടക്കും.
മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനായി എയർഫോഴ്‌സ് വിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരായതിനാൽ സംസ്ഥാന സർക്കാരിനെ കൂടി സഹകരിപ്പിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പരിക്കേറ്റവരുടെ പുനരധിവാസമടക്കം കേന്ദ്രസർക്കാരിൻറെ ചർച്ചകളിലുണ്ട്. കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ് ശങ്കർ ചർച്ച നടത്തി.
Discussion about this post