തിരുവനന്തപുരം : സ്വന്തക്കാരെന്ന് നടിച്ച് വന്നവരാണ് നീചമായ ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഘടിത സൈബർ ആക്രമണങ്ങളേയും മാദ്ധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളേയും പ്രതിരോധിക്കാൻ പാർട്ടിയുടെ പടയാളികൾക്ക് കഴിയും. എന്നാൽ സ്നേഹം നടിച്ച് വന്നവരുടെ നീചമായ ആക്രമണങ്ങൾ മനസ്സിലാക്കുന്നത് അത്ര എളുപ്പമല്ല. അതാണിപ്പോൾ സംഭവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പല വ്യാജപ്രചാരണങ്ങളുമുണ്ടായി. പ്രത്യേകിച്ച് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിലാണ് അതുണ്ടായത്. സുരേഷ് ഗോപിയെ സുരേന്ദ്രൻ കൊൽക്കത്തയിലേക്ക് തട്ടുന്നു. ഇവിടെ സീറ്റ് കൊടുക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണുയർന്നത്. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കാനിറങ്ങിയപ്പോൾ സംസ്ഥാന ഘടകം തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്നായി ആരോപണം. ഇത്തരം ആരോപണങ്ങളെയെല്ലാം പ്രതിരോധിക്കാൻ സർവ്വ സജ്ജരായ പടയാളികൾക്ക് കഴിഞ്ഞു. എന്നാൽ സ്നേഹം നടിച്ച് വന്നവരുടെ ആക്രമണങ്ങളാണ് ഏറ്റവും വേദനാജനകമെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇത്തരം ആളുകളുടെ പ്രധാന ആരോപണം രാജീവ് ചന്ദ്രശേഖറിനെയും സുരേഷ് ഗോപിയെയും പരാജയപ്പെടുത്താൻ കെ സുരേന്ദ്രൻ ശ്രമിക്കുന്നു എന്നതായിരുന്നു. യുദ്ധമുഖത്ത് സജ്ജരായി നിൽക്കുന്ന പ്രവർത്തകർക്ക് സ്വന്തക്കാരെന്ന് നടിക്കുന്നവരുടെ നീചമായ ആക്രമണങ്ങൾ ചിലപ്പോൾ മനസ്സിലാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post