ന്യൂഡൽഹി : കഴിഞ്ഞ ഒരാഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ റെക്കോർഡ് വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. ജൂൺ ആദ്യ വാരത്തിലെ കണക്കനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 4.3 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഉണ്ടായിട്ടുള്ളത്.
മെയ് 31 ലെ കണക്കനുസരിച്ച് 651.5 ബില്യൺ ഡോളർ ആയിരുന്ന ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ജൂൺ ഏഴ് വരെയുള്ള റിപ്പോർട്ട് അനുസരിച്ച്
655.8 ബില്യൺ ഡോളറിലെത്തി. ജൂൺ 7 ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പുറത്തിറക്കിയ കണക്ക് പ്രകാരം റെക്കോർഡ് വർദ്ധനവാണ് വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഉണ്ടായിട്ടുള്ളത്.
വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 9 ശതമാനത്തിലധികം ഉയർന്നിരുന്നു. വിദേശനാണ്യ കരുതൽ ശേഖരത്തിലെ കുതിച്ചുചാട്ടത്തിന്റെ പ്രധാന കാരണവും ഈ ചരക്ക് കയറ്റുമതിയാണ്. വിദേശനാണ്യ കരുതൽ ശേഖരത്തിലെ വർദ്ധനവ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഗതി നിർണയിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നതാണ്. രൂപയെ സ്ഥിരപ്പെടുത്തുന്നതിനും ഇത് റിസർവ് ബാങ്കിനെ സഹായിക്കുന്നു.
നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിദേശ പണം സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ തുടരുകയാണ്. 2024-25 സാമ്പത്തിക വർഷത്തിലും രാജ്യത്തിന്റെ കറൻ്റ് അക്കൗണ്ട് കമ്മി സുസ്ഥിരമായി തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
Discussion about this post