ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വീടിനു മുൻപിൽ അനധികൃതമായി നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചു നീക്കി കോർപ്പറേഷൻ. ജഗന്റെ ഹൈദരാബാദിലെ വീടിനു മുൻപിൽ ആണ് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സുരക്ഷയുടെ ഭാഗമായി അനധികൃത കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്. ജഗന് സുരക്ഷ ഒരുക്കുന്ന പോലീസുകാർക്കുള്ള വിശ്രമകേന്ദ്രങ്ങൾ ആയിട്ടായിരുന്നു ഈ കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചിരുന്നത്.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ആണ് ജഗൻ മോഹൻ റെഡ്ഡിയുടെ ലോട്ടസ് പോണ്ട് ഹൗസ് എന്ന വീടിനു മുൻപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കിയത്. മൂന്നോളം ചെറിയ കെട്ടിടങ്ങളാണ് ഇത്തരത്തിൽ റോഡിനു മുൻപിനായി ജഗൻമോഹൻ റെഡ്ഡി അനധികൃതമായി നിർമ്മിച്ചിരുന്നത്.
റോഡിനോട് ചേർത്തു നിർമ്മിക്കപ്പെട്ടിരുന്ന ഈ മൂന്ന് കെട്ടിടങ്ങൾ മൂലം ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഗ്രേറ്റർ ഹൈദരാബാദ് കോർപ്പറേഷൻ നടപടി സ്വീകരിച്ചിട്ടുള്ളത്. ജി.എച്ച്.എം.സി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ റോഡിൻ്റെ ഭാഗങ്ങൾ കയ്യേറിയും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചും ആണ് ഈ നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post