തിരുവനന്തപുരം : കേരളത്തിൽ നിന്നും മൂന്ന് രാജ്യസഭാ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, സിപിഐയുടെ പി പി സുനീർ, കേരള കോൺഗ്രസ് എമ്മിന്റെ ജോസ് കെ മാണി എന്നിവരാണ് കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ജൂൺ 25നായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് എങ്കിലും പത്രിക പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ മൂന്ന് സീറ്റുകളിലും മറ്റു സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നതിനാൽ മൂന്നു പേരെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പി വി അബ്ദുൽ വഹാബിനെ കൂടാതെ മറ്റൊരു രാജ്യസഭാംഗത്തെ കൂടി മുസ്ലിം ലീഗിന് ലഭിച്ചിരിക്കുകയാണ്.
സിപിഐയുടെ മുൻ വയനാട് ജില്ലാ അധ്യക്ഷൻ ആയിരുന്നു പി പി സുനീർ. സുപ്രീംകോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. എൽഡിഎഫിൽ കേരള കോൺഗ്രസ് ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് ആണ് ജോസ് കെ മാണി എത്തുന്നത്.
Discussion about this post