ലൈപ്‌സിഗിലെ റെഡ് ബുൾ അരീനയിൽ അവസാന നിമിഷം വരെ അലയടിച്ച ആവേശപ്പോര്…തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചുകയറിയ പറങ്കിപ്പട ഇഞ്ചുറി ടൈമിൽ നേടിയത് ത്രസിപ്പിക്കുന്ന ജയം. യൂറോ കപ്പിൽ ജയത്തോടെ പ്രയാണം ആരംഭിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയും പോർച്ചുഗലും.
ഗോൾ പോസ്റ്റിനു മുന്നിൽ പ്രതിരോധ പൂട്ടൊരുക്കി കാവൽ നിന്ന ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് കീഴടക്കി പോർച്ചുഗൽ.
പകരക്കാരനായി വന്ന് ഇഞ്ചുറി ടൈമിൽ ഗോൾ നേടിയ 21കാരൻ ഫ്രാൻസിസ്‌കോ കോൺസെസാവോ പോർച്ചുഗലിന്റെ വിജയശിൽപ്പിയായി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു CR7ഉം കൂട്ടരും ഗംഭീര തിരിച്ചുവരവുമായി വിജയം ആഘോഷിച്ചത്.
ചെക്ക് റിപ്പബ്ലിക്കിനെതിരെ പന്തുരുണ്ടത് മുതൽ ആധിപത്യം പോർച്ചുഗലിനായിരുന്നു.ഫസ്റ്റ് ഹാഫിൽ റൊണാൾഡോയ്ക്കും ബ്രൂണോ ഫെർണാണ്ടസിനും ലിയാവോയ്ക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല. ഗോളെന്ന് കരുതിയ ക്രിസ്റ്റിയാനോയുടെ ഒരു ഷോട്ട് തകർപ്പൻ സേവിലൂടെ ചെക്ക് ഗോൾ കീപ്പർ സ്റ്റാനെക്ക് ഇല്ലാതാക്കി.
രണ്ടാം പകുതിയിൽ അധികം വൈകാതെ പോർച്ചുഗലിനെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക്ക് ലീഡ് എടുത്തു. മത്സരത്തിൽ ചെക്ക് ടീമിന്റെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് ലൂക്കാസ് പ്രൊവോർഡ് ഗോളാക്കി മാറ്റി.
ഗോൾ വീണതോടെ ആലസ്യം വെടിഞ്ഞ പോർച്ചുഗൽ ഉണർന്നു കളിച്ചു. 69 ആം മിനിറ്റിൽ പിറന്ന സെൽഫ് ഗോൾ CR7ന്റെ ടീമിനെ ചെക്ക് റിപ്പബ്ലിക്കിനൊപ്പം എത്തിച്ചു. വിജയത്തിനായി പിന്നീട് നിരന്തരം ശ്രമിച്ച പോർച്ചുഗൽ 87 ആം മിനിറ്റിൽ ജോട്ടയിലൂടെ ലക്ഷ്യം കണ്ടു. എന്നാൽ, ഈ നീക്കത്തിലേക്കുളള ബിൽഡപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഓഫ് സൈഡ് പൊസിഷനിൽ റഫറി ഗോൾ നിഷേധിച്ചു.
എന്നാൽ, സമനില കൊണ്ട് തൃപ്തിപ്പെടാൻ റോണോയും പിള്ളേരും ഒരുക്കമായിരുന്നില്ല. പകരക്കാരന്റെ റോളിൽ മൈതാനത്ത് എത്തിയ ഫ്രാൻസിസ്‌കോ കോൺസെസാവോ ചെക്ക് പ്രതിരോധ താര ത്തിന്റെ പിഴവ് മുതലെടുത്ത് വിജയ ഗോൾ നേടുകയായിരുന്നു. കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചുറി ടൈമിലായിരുന്നു യുവ താരത്തിന്റെ സൂപ്പർ സ്‌ട്രൈക്ക്.
പോർച്ചുഗലിനായി വിജയഗോൾ നേടിയ ഫ്രാൻസിസ്‌കോ കോൺസെസാവോ പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെസാവോയുടെ മകനാണ്. 24 വർഷം മുൻപ് യൂറോ കപ്പിൽ ജർമ്മനിക്കെതിരെ സെർജിയോ കോൺസെസാവോ ഹാട്രിക് അടിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അച്ഛന്റെ പാത പിന്തുടർന്ന് മകനും യൂറോയിൽ ഗോൾ നേടിയിരിക്കുകയാണ്.
ഷോട്ടുകളായാലും പൊസഷനായാലും കളിയിൽ ഉടനീളം വലിയ ആധിപത്യമാണ് പോർച്ചുഗൽ പുലർത്തിയത്. ഗ്രൂപ്പ് എഫിലെ അടുത്ത മത്സരങ്ങളിൽ ജോർജിയയും തുർക്കിയുമാണ് പോർച്ചുഗലിന്റെ എതിരാളികൾ.
Discussion about this post