മക്ക: ഹജ്ജ് തീർത്ഥാടനത്തിനെത്തിയ അഞ്ചൂറിലധികം ഇസ്ലാമിക വിശ്വാസികൾ മരിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കനത്ത ചൂടിനെ തുടർന്നാണ് ഇവരുടെ മരണം.
തീർത്ഥാടനത്തിനെത്തിയ 550 പേരാണ് ഇതുവരെ മരിച്ചത്. ചൂട് താങ്ങാനാകാതെ ശാരീരിക വിഷമതകൾ നേരിട്ടതിനെ തുടർന്ന് രണ്ടായിരം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിലവിൽ മക്കയിലെ ഗ്രാൻഡ് മോസ്‌കോ മേഖലയിലെ താപനില 51 ഗിഡ്രി സെൽഷ്യസിന് മുകളിലാണ്. 51.8 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. കനത്ത ചൂട് സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് മരിച്ചവരിൽ ഭൂരിഭാഗം പേരും ഈജിപ്ഷ്യൻ സ്വദേശികളാണ്. ഈജിപ്തിൽ നിന്നുള്ള 323 പേർക്കാണ് ജീവൻ നഷ്ടമായത്.
മക്കയിൽ മരിച്ചവരുടെ ഏകദേശ കണക്കാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് അധികൃതർ അറിയിക്കുന്നത്. യഥാർത്ഥ കണക്കുകൾ പരിശോധിക്കുമ്പോൾ മരണ സംഖ്യ ഇനിയും വർദ്ധിക്കും. കൊല്ലപ്പെട്ടവരിൽ 60 പേർ ജോർദാൻ സ്വദേശികളാണ്.
കനത്ത താപനിലയ്ക്ക് പുറമേ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടാമയവരും ഉണ്ട്. തിരക്കിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്. കനത്ത ചൂടിനെ തുടർന്ന് വഴിയരികിൽ മരിച്ച് വീണവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ സൗദി അധികൃതർ തീർത്ഥാടനത്തിനെത്തുന്നവർക്കായി നിർദ്ദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീർത്ഥാടനത്തിനെത്തുന്നവർ നേരിട്ട് വെയിൽ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർബന്ധമായും കുടകൾ കയ്യിൽ കരുതണം എന്നും അധികൃതർ അറിയിച്ചു. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം കൈവശം കരുതണം എന്നും അറിയിപ്പുണ്ട്.
ഈ വർഷം 1.8 മില്യൺ ആളുകൾ ആണ് ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിൽ എത്തിയത്. ഇതിൽ 1.6 മില്യൺ ആളുകളും സൗദിയ്ക്ക് പുറത്തുള്ളവരാണ്.
Discussion about this post