ന്യൂഡൽഹി : ബഹിരാകാശ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമുണ്ടെന്ന് അറിയിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കും ശാസ്ത്രജ്ഞർക്കും പ്രത്യേക പരിശീലനം നൽകാൻ തയ്യാറാണെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ വ്യക്തമാക്കി.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ബഹിരാകാശ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാസ അഡ്മിനിസ്ട്രേറ്റർ സഹകരണവും പരിശീലനവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി യുഎസും ഇന്ത്യയും തമ്മിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ കാര്യത്തിൽ സംയുക്ത ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും ബിൽ നെൽസൺ അറിയിച്ചു.
ഭാവിയിലെ മനുഷ്യ ബഹിരാകാശ യാത്രയെ പിന്തുണയ്ക്കുകയും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നൂതന സാങ്കേതിക വിദ്യകളിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരിശീലനം നൽകുമെന്നാണ് നാസ വ്യക്തമാക്കിയിട്ടുള്ളത്. നിർണ്ണായക സാങ്കേതികവിദ്യകളുടെ മേഖലകളിൽ ഇന്ത്യയും യുഎസും തമ്മിൽ കൂടുതൽ സഹകരണം സ്ഥാപിക്കുന്നതിനായി 2022 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ‘ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി’ സഹകരണം ഉറപ്പുവരുത്താൻ ധാരണയായിരുന്നു.
Discussion about this post