ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവും മുൻ മന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ. ചോദ്യപേപ്പർ ചോർച്ചയിൽ തേജസ്വിക്കും പങ്കുണ്ടെന്ന് സിൻഹ ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായ സിക്കന്ദർ കുമാർ യാദവേന്ദുവിന് വേണ്ടി ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്യാൻ മുന്നിൽ നിന്നത് തേജസ്വി യാദവിന്റെ പഴ്സണൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് വിജയ് സിൻഹ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഫോൺ രേഖകളുടെ വിവരങ്ങളും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.
മെയ് 1നാണ് പ്രീതം കുമാർ സിക്കന്ദർ കുമാർ യാദവേന്ദുവിന് വേണ്ടി മുറി ബുക്ക് ചെയ്യാൻ ഗസ്റ്റ് ഹൗസ് ജീവനക്കാരനായ പ്രദീപ് കുമാറിനെ വിളിച്ചത്. മെയ് 4ന് ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് പ്രീതം കുമാർ വീണ്ടും പ്രദീപ് കുമാറിനെ വിളിച്ചു. തേജസ്വി യാദവിനെ ‘മന്ത്രി‘ എന്നായിരുന്നു പ്രീതം കുമാർ വിശേഷിപ്പിച്ചതെന്നും സിൻഹ വിശദീകരിച്ചു.
പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണ് സിക്കന്ദർ. സിക്കന്ദറിന്റെ സഹോദരി റീന യാദവിനും മകൻ അനുരാഗ് യാദവിനും വേണ്ടി മെയ് 4നാണ് ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്തത്. ഗസ്റ്റ് ഹൗസ് ഡയറിയിൽ ‘മന്ത്രി ജി‘ എന്ന പേരിൽ ഒരു ഫോൺ നമ്പർ രേഖപ്പെടുത്തിയിരുന്നതായും വിജയ് സിൻഹ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ട് കഴിഞ്ഞു. അഴിമതിയിലും കുറ്റകൃത്യങ്ങളിലും മുങ്ങിക്കുളിച്ച് നിൽക്കുന്ന മുഴുവൻ പ്രതിപക്ഷ സംവിധാനത്തിന്റെയും ഗൂഢാലോചനകൾ പുറത്ത് കൊണ്ടുവരുമെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ വ്യക്തമാക്കി.
Discussion about this post