ശ്രീനഗർ : ചെനാബ് റെയിൽ പാലത്തിലൂടെ ട്രയൽ റൺ നടത്തി ഇന്ത്യൻ റെയിൽവേ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ് ജമ്മുവിൽ സ്ഥിതി ചെയ്യുന്ന ചെനാബ് റെയിൽ പാലം. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ സംഗൽദാനിനും റിയാസിക്കും ഇടയിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ചെനാബ് റെയിൽ പാലത്തിലൂടെ റെയിൽ ഗതാഗതം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായിട്ടാണ് ചെനാബ് റെയിൽ പാലം നിർമ്മിച്ചിട്ടുള്ളത്. 2024 ഫെബ്രുവരി 20-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.
USBRL പ്രോജക്റ്റിൻ്റെ ഭാഗമായിട്ടുള്ള സംഗൽദാൻ – റിയാസി വിഭാഗങ്ങൾക്കിടയിൽ മെമു ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
ജമ്മുവിലെ ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽപ്പാലം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്തമായ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 1,315 മീറ്റർ നീളമാണ് പാലത്തിനുള്ളത്. ഇന്ത്യൻ റെയിൽവേ ശൃംഖലയ്ക്ക് കശ്മീർ താഴ്‌വരയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന പദ്ധതിയുടെ ഭാഗമായ ചെനാബ് പാലം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്.
Discussion about this post