തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് തിരയിൽ പെട്ട് മരിച്ചു. കടലിൽ ഇറങ്ങരുതെന്ന ലൈഫ് ഗാർഡിന്റെ നിർദ്ദേശം അനുസരിക്കാതെ കുളിക്കാനായി ഇറങ്ങിയ 12 അംഗ സംഘത്തിലെ ഒരാളാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് മരിച്ച യുവാവ്.
മധുരൈ ബൈപ്പാസ് റോഡ് ദുരൈസ്സാമി നഗർ ഭഗവതി സ്ട്രീറ്റിൽ രഘു എന്ന 23 വയസ്സുകാരനാണ് വർക്കല ബീച്ചിൽ തിരയിൽപെട്ടു മരിച്ചത്. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ലൈഫ് ഗാർഡ് സന്തോഷിനും പരിക്കേറ്റിട്ടുണ്ട്. ഏഴു പുരുഷൻമാരും 5 സ്ത്രീകളും അടങ്ങുന്ന സംഘത്തോടൊപ്പം ആണ് മരിച്ച രഘു കടലിൽ കുളിക്കാനായി ഇറങ്ങിയിരുന്നത്.
ഈ സംഘം കടലിലേക്ക് ഇറങ്ങുന്നതിനു മുൻപ് തന്നെ ലൈഫ് ഗാർഡ് വിലക്കിയിരുന്നെങ്കിലും ഇവർ അവഗണിക്കുകയായിരുന്നു. തിരമാല ശക്തമായതോടെ ലൈഫ് ഗാർഡിന്റെ നിർദ്ദേശപ്രകാരം ബാക്കിയുള്ളവർ കരയ്ക്ക് കയറി. എന്നാൽ ശരീരത്തിൽ പറ്റിയ മണൽ കഴുകി കളയാനായി രഘു വീണ്ടും കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം ശക്തമായ തിരമാല അടിച്ചതോടെ ഇയാൾ പാറക്കല്ലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Discussion about this post