കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ഇനിയും തോറ്റാൽ സിപിഐഎമ്മിനെ മ്യൂസിയത്തിൽ പോയി കാണേണ്ടി വരുമെന്ന് ചന്ദ്രിക മുഖപത്രം കുറ്റപ്പെടുത്തുന്നു. ഭരണവീഴ്ചയാണ് പാർട്ടിയുടെ കടുത്ത തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രിയുടെ പിആർ സംഘവും മുഖ്യമന്ത്രിയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
കണ്ണാടി പൊട്ടിച്ചാൽ കോലം നന്നാകുമോ എന്ന തലക്കെട്ടോടെ ആണ് ചന്ദ്രിക ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിക്കാൻ പോകുന്നത് ഇപ്പോൾ കിട്ടിയതിലും വലിയ തിരിച്ചടി ആയിരിക്കും. അതിനാൽ പാർട്ടിക്ക് അനുകൂലമായി വാർഡ് വെട്ടിക്കീറി വിഭജിക്കുന്ന പഴയകാല കുടിലതന്ത്രം വീണ്ടും ഇറക്കുകയാണ് സിപിഐഎം എന്നും ചന്ദ്രിക കുറ്റപ്പെടുത്തുന്നു.
പിണറായി വിജയൻ മുണ്ടുടുത്ത മോദി ആണെന്നും ചന്ദ്രികയുടെ മുഖപ്രസംഗത്തിൽ വിശേഷിപ്പിക്കുന്നു. മോദിയുടെ ബിൽ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റ് പോലെയാണ് ഇപ്പോൾ പിണറായി വിജയന്റെ പുറപ്പാട് എന്നും ചന്ദ്രിക കുറ്റപ്പെടുത്തി. സ്വന്തം മുഖം വികൃതമായത് തിരിച്ചറിയാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുന്നത് മാത്രമാണ് ഇപ്പോൾ സിപിഎമ്മിൽ ആകെ നടക്കുന്നത്. പ്രശ്നങ്ങളെ തുറന്നു കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കൽ ആണ് ഹീറോയിസം എന്ന് കരുതുന്നവരോട് ജനം ഇതിൽ കൂടുതൽ എന്തെങ്കിലും ചെയ്താലും അത്ഭുതപ്പെടേണ്ടതില്ല എന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
Discussion about this post