ന്യൂഡൽഹി: ആന്റി ഡോപിംഗ് ചട്ടലംഘനത്തെ തുടർന്ന് ഗുസ്തി താരം ബജരംഗ് പൂനിയയുടെ സസ്പെൻഷൻ ദീർഘിപ്പിച്ച് നാഡ. പരിശോധനയ്ക്കായി യഥാസമയം മൂത്ര സാമ്പിളുകൾ സമർപ്പിക്കാൻ പൂനിയ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി. നാഡയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ പൂനിയ അവഗണിക്കുകയായിരുന്നു.
നാഡ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണ് എന്ന് പൂനിയ പരാതിപ്പെട്ടിരുന്നു. അതിനാൽ സാമ്പിളുകൾ നൽകാൻ സാധിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ പൂനിയയുടെ ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് നാഡ വിശദീകരിച്ചിരുന്നു.
അതേസമയം, സാമ്പിളുകൾ നൽകാനും യഥാസമയം അത് നൽകാൻ വീഴ്ച വരുത്തിയതിൽ മതിയായ വിശദീകരണം നൽകാനും പൂനിയക്ക് ജൂലൈ 11 വരെ സമയം നൽകിയതായി നാഡ നോട്ടീസിൽ വ്യക്തമാക്കുന്നു. ഇതിലും വീഴ്ച വരുത്തിയാൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും നാഡ മുന്നറിയിപ്പ് നൽകുന്നു.
ഇനിയും ബജരംഗ് പൂനിയയുടെ പ്രതികരണം അനുകൂലമല്ലെങ്കിൽ അദ്ദേഹത്തിന് വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ മത്സരിക്കാനുള്ള എല്ലാ സാദ്ധ്യതകളും അടയും. യോഗ്യതാ മത്സരങ്ങളിൽ പോലും അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല. നിലവിൽ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് പൂനിയക്ക് താത്കാലിക സസ്പെൻഷൻ ഏർപ്പെടുത്തിയിരിക്കുകയാണ്.
Discussion about this post