ബംഗലൂരു: സ്മൃതി മന്ഥാനയുടെ തകർപ്പൻ ബാറ്റിംഗ് കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. തുടർച്ചയായ മൂന്നാം സെഞ്ച്വറിക്ക് 10 റൺസ് അകലെ വീണു പോയെങ്കിലും, ഇന്ത്യയെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിക്കാൻ മന്ഥാനയുടെ പ്രകടനത്തിന് സാധിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 റൺസ് എന്ന ലക്ഷ്യം 40.4 ഓവറിൽ ഇന്ത്യ അനായാസം മറികടന്നു.
ഓപ്പണർമാരായ ലോറ വോൾവാർട്ടും തസ്മീൻ ബ്രിട്ട്സും ചേർന്ന് സെഞ്ച്വറി ഓപ്പണിംഗ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കക്ക് നൽകിയത്. എന്നാൽ 57 പന്തിൽ 61 റൺസ് നേടിയ വോൾവാർട്ടിനെ തകർപ്പൻ ക്യാച്ചിലൂടെ അരുന്ധതി റെഡ്ഡി പുറത്താക്കിയതോടെ മത്സരത്തിന്റെ ഗതി മാറി. തുടർന്ന് ബാറ്റിംഗ് തകർച്ച നേരിട്ട ദക്ഷിണാഫ്രിക്ക, 143/5 എന്ന നിലയിലേക്കും പിന്നീട് 178/8 എന്ന നിലയിലേക്കും കൂപ്പുകുത്തി. എന്നാൽ ഒൻപതാം വിക്കറ്റിൽ പിറന്ന 37 റൺസ് കൂട്ടുകെട്ട് അവരെ 200 കടത്തുകയായിരുന്നു. 215/8 എന്ന നിലയിലാണ് സന്ദർശകർ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
നേരത്തേ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി ഇന്ത്യ വിജയിച്ചപ്പോൾ നാല് സെഞ്ച്വറികൾ പിറന്ന രണ്ടാം മത്സരത്തിൽ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയം.
Discussion about this post