കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ നേതൃസ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല എന്നും മുരളീധരൻ വ്യക്തമാക്കി. തെറ്റിൽ നിന്നും തെറ്റിലേക്കാണ് പിണറായിയുടെ യാത്രയെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേ കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ സിപിഎമ്മിന്റെ ഒത്തുകളി ആണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇഡി അന്വേഷണം നടത്തുന്ന കരുവന്നൂർ കേസിൽ നിന്നും തലയൂരാൻ വേണ്ടിയാണ് സിപിഎം ബിജെപിയുമായി ഒത്തു കളിച്ചത് എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് പിണറായി വിജയൻ സ്വീകരിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.
ഏത് ട്രെൻഡിലാണ് യുഡിഎഫ് ഇത്തവണ ജയിച്ചത് എന്ന് പഠിക്കേണ്ടതുണ്ട്. 2019 ൽ ഇത്തവണത്തെക്കാൾ ഒരു സീറ്റ് കൂടുതൽ നേടിയിട്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് പരാജയപ്പെട്ടത് കണ്ടതാണ്. തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ഒരു പ്രധാന ഘടകമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
Discussion about this post