പാട്ന : 13 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലെ ജലമലിനീകരണം മൂലം ചൈനയിലേക്ക് കുടിയേറിയ ഒരു കൂട്ടർ വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്കിമ്മർ എന്ന അപൂർവ പക്ഷിയാണ് പ്രവാസജീവിതം അവസാനിപ്പിച്ച് ഒടുവിൽ തിരികെ എത്തിയിരിക്കുന്നത് . ഭരണം മാറിയതോടെ നാടും പ്രകൃതിയും മാറിയപ്പോൾ ഇനി ജന്മനാട്ടിൽ തന്നെ സെറ്റിൽ ചെയ്യാം എന്ന തീരുമാനത്തിൽ കുടുംബത്തോടൊപ്പം ആണ് ആശാന്റെ മടങ്ങി വരവ്. 13 വർഷമായി ഇന്ത്യയിൽ എവിടെയും കാണാതിരുന്ന ആ അപൂർവയിനം പക്ഷിയെ കണ്ടെത്തിയതോടെ നാടും നാട്ടുകാരും ഹാപ്പിയാണ്.
വംശനാശഭീഷണി നേരിടുന്ന പക്ഷികളിൽ പെട്ടവയാണ് ഇന്ത്യൻ സ്‌കിമ്മറുകൾ. ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) പട്ടികയിൽ ഈ പക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമായി നിലവിൽ 5000ത്തോളം ഇന്ത്യൻ സ്കിമ്മറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ബീഹാറിലെ ജാമുയിയിലെ നാഗി-നകാതി പക്ഷി സങ്കേതത്തിൽ ആണ് 13 വർഷത്തിന് ശേഷം ഇവയെ കണ്ടെത്തിയത്.
വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് നാല് ഇന്ത്യൻ സ്കിമ്മറുകളെ നാഗി-നകാതി പക്ഷി സങ്കേതത്തിൽ കണ്ടെത്താനായത്. കറുത്ത തൊപ്പിയും ഓറഞ്ച് കൊക്കും കൊണ്ട് ആകർഷകമായ രൂപം ഉള്ളവയാണ് ഈ പക്ഷികൾ. ശുദ്ധജല തടാകങ്ങളിൽ നിന്നും ജലസ്രോതസ്സുകളിൽ നിന്നും മത്സ്യങ്ങളെ പിടിച്ച് ഭക്ഷിക്കുന്നവരാണ് ഇവർ. തണ്ണീർ തടങ്ങൾക്ക് സമീപം മുട്ടയിട്ട് വിരിയിക്കുന്ന ഇവർക്ക് ജലമലിനീകരണം രൂക്ഷമായതോടെ മുട്ടകൾ വിരിയാത്ത അവസ്ഥ ഉണ്ടായതോടെയാണ് ഇന്ത്യൻ സ്കിമ്മറുകൾ കൂട്ടത്തോടെ ചൈന അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്.
ജാമുയിയിലെ നാഗി-നകാതി അണക്കെട്ടിന് സമീപമുള്ള പക്ഷി സങ്കേതത്തിൽ ഇന്ത്യൻ സ്കിമ്മറുകൾ അടക്കമുള്ള അപൂർവ്വയനം പക്ഷികൾക്ക് അനുയോജ്യമായ ജീവിത സാഹചര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബീഹാർ-ജാർഖണ്ഡ് അതിർത്തിക്കടുത്തുള്ള ജാമുയി ജില്ലയിൽ നാഗി അണക്കെട്ടിൻ്റെ നിർമ്മാണത്തെത്തുടർന്ന് രൂപംകൊണ്ട 200 ഹെക്ടർ തണ്ണീർത്തടമാണ് പക്ഷി സങ്കേതമായി വികസിപ്പിച്ചിട്ടുള്ളത്. ഒക്‌ടോബർ അവസാനം മുതൽ ഡിസംബർ അവസാനം വരെ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ദേശാടന പക്ഷികളും ഈ പക്ഷി സങ്കേതത്തിൽ എത്തിച്ചേരാറുണ്ട്.
Discussion about this post