കുടിയേറ്റ നിയമങ്ങളിൽ കർശന നടപടിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് യുഎസ് നാഷണൽ ഗാർഡിലെ രണ്ട് സൈനികർക്ക് വെടിയേൽക്കുകയും അതിലൊരാൾ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കടുത്ത നടപടി. എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കാൻ തന്റെ ഭരണകൂടം പ്രവർത്തിക്കുമെന്ന് ട്രംപ്. പറഞ്ഞു. അമേരിക്കൻ സംവിധാനത്തിന് ‘പൂർണ്ണമായി കരകയറാൻ’ അവസരമൊരുക്കുന്നതിനായാണ് ഈ നടപടി എന്നാണ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ കുടിയേറ്റം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെ തുരങ്കം വെച്ചതായി ട്രംപ് പറഞ്ഞു.പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും നിർത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സമാധാനം തകർക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുകയും, പൊതുജനങ്ങൾക്ക് ഭാരമാകുന്നവരോ, സുരക്ഷാ ഭീഷണിയാകുന്നവരോ, പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
19 പ്രശ്നബാധിത രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡുകൾ പരിശോധിക്കാനും അമേരിക്ക ഉത്തരവിട്ടിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്ലോയാണ് ഈ നിർദ്ദേശം നൽകിയത്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്ത്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക് മെനിസ്ഥാൻ, വെനസ്വേല എന്നിവയാണ് യുഎസ് ഗ്രീൻ വിസാ നിയന്ത്രണത്തിൽ ഉൾപ്പെട്ടിരിക്കുന്ന 19 രാജ്യങ്ങൾ.












Discussion about this post