ബംഗളൂരു : കർണാടകയിലെ ഉഡുപ്പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്‌ഷോയ്ക്ക് ആരംഭമായി. ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ നടക്കുന്നത്. ഇന്ന് ശ്രീകൃഷ്ണ മഠത്തിൽ നടക്കുന്ന ലക്ഷകണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സുവർണ്ണ തീർത്ഥ മണ്ഡപം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് എത്തുന്നത്. നേരത്തെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ശ്രീകൃഷ്ണ മഠം സന്ദർശിച്ചിരുന്നു.
വേദാന്ത ദ്വൈത തത്ത്വചിന്തയുടെ സ്ഥാപകനായ ശ്രീ മാധവാചാര്യരാണ് 800 വർഷങ്ങൾക്ക് മുമ്പ് ഉഡുപ്പി ശ്രീകൃഷ്ണ മഠം സ്ഥാപിച്ചത്.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് മോദി ഉഡുപ്പിയിൽ എത്തിയത്. ആദി ഉഡുപ്പിയിലെ ഹെലിപാഡിൽ ഇറങ്ങിയ ശേഷം, മഠത്തിലേക്കുള്ള വഴിയിൽ മോദി ബന്നഞ്ചെ നാരായണ ഗുരു സർക്കിളിൽ നിന്ന് കൽസങ്കയിലേക്ക് ആണ് മെഗാ റോഡ് ഷോ നടത്തിയത്. വൻ ജനക്കൂട്ടം ആയിരുന്നു മോദിയുടെ റോഡ് ഷോയിൽ പങ്കാളികളായത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്.










Discussion about this post