തിരുവനന്തപുരം :ഛത്തീസ്ഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന് വിട നൽകി ജന്മനാട് . സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം . ഏഴ് വയസ്‌കാരനായ മകൻ നിർദേവാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
വൻ ജനാവലിയായിരുന്നു വിഷ്ണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചു കൂടിയത്. പൊട്ടൻചിറ അനിഴത്തിൽ വിഷ്ണുവിന്റെ (35) ഭൗതികശരീരം രാവിലെ പനോരമ’ വീട്ടിലേക്ക് എത്തിച്ചപ്പോഴത്തെ രംഗങ്ങൾ അതിവൈകാരികത നിറഞ്ഞതായിരുന്നു.
പാലോട് കരിമൺകോട് ശാന്തികുടീരം പൊതുശ്മാശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഭൗതികദേഹം പുലർച്ചയോടെ താന്നിമൂട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. പത്ത് മണിവരെ വീട്ടിലും തുടർന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്‌കൂളിലും പൊതുദർശനത്തിന് വച്ചു. തുടർന്നായിരുന്നു പാലോട് കരിമൺകോട് ശാന്തികുടീരം പൊതുശ്മശാമനത്തിൽ സംസ്‌കാരം.
മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിക്കണമെന്ന വിഷ്ണുവിന്റെ ആഗ്രഹപ്രകാരമാണു ശാന്തികുടീരത്തിൽ സംസ്‌കരിച്ചത്. വിഷ്ണുവിന്റെ ഏറ്റവും വലിയ സ്വപനമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. അത് സ്വന്തമാക്കുകയും ചെയ്തു. വീടിന് പനോരമ എന്ന് പേര് വയ്ക്കുകയും ചെയ്തു. വിഷ്ണുവിന് പഠനകാലത്ത് പട്ടാളക്കാരനാകണം എന്നായിരുന്നു ആഗ്രഹം. സഹപാഠികളോട് ഇക്കാര്യം പങ്കുവച്ചിരുന്നു. ആ അതിയായ ആഗ്രഹത്താലാണ് വിഷ്ണു പട്ടാളക്കാരനായത്.
Discussion about this post