ന്യൂഡൽഹി: കേന്ദ്ര സേനകളുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് വേട്ട ശക്തമാക്കിയതോടെ, ഗത്യന്തരമില്ലാതെ പോലീസിന് മുന്നിൽ അയുധം വെച്ച് കീഴടങ്ങി കമ്മ്യൂണിസ്റ്റ് ഭീകരർ. 16 ലക്ഷം രൂപ വരെ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് വനിതാ ഭീകരർ ഉൾപ്പെടെ നിരവധി പേരാണ് ദശാബ്ദങ്ങൾ നീണ്ട മാവോയിസ്റ്റ് ജീവിതത്തോട് വിട പറഞ്ഞ് നിയമത്തിന് വിധേയരകാൻ അപേക്ഷിച്ചത്.
സറീന നരോട്ടെ, മനീഷ എന്നിവരാണ് ഇന്ന് ഗഡ്ചിരോളിയിൽ കീഴടങ്ങിയ പ്രമുഖ വനിതാ ഭീകരർ. മാവോയിസ്റ്റ് കൊടും ഭീകരൻ ഗിരിധറും ഭാര്യ ലളിതയും ജൂൺ 22ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സറീനയുടെയും മനീഷയുടെയും കീഴടങ്ങല്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തലയ്ക്ക് 41 ലക്ഷം രൂപ വിലയിട്ട ഭീകരരാണ് കീഴടങ്ങിയ ഗിരിധറും ഭാര്യയും.
ജൂണ്‍ 26ന് ദന്തേവാഡയില്‍ കീഴടങ്ങിയത് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 17 കമ്മ്യൂണിസ്റ്റ് ഭീകരരാണ്. ഇവരില്‍ അഞ്ച് പേരുടെ തലയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് വിലയിട്ടിരുന്നത്.
നേരത്തേ, മലയാളി ജവാന്‍ വിഷ്ണു ഉള്‍പ്പെടെയുള്ളവരുടെ വീരമൃത്യുവിന് കാരണക്കാരായ 6 കമ്മ്യൂണിസ്റ്റ് ഭീകരരെ സൈന്യം സുക്മയിൽ നിന്നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരുടെ കൂട്ടക്കീഴടങ്ങൽ.
Discussion about this post