ന്യൂഡൽഹി : ലോക്സഭാ സമ്മേളനത്തിൽ സ്പീക്കർ ഓം ബിർളക്കെതിരെ കടുത്ത പരാമർശങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓം ബിർള സ്പീക്കറായി അധികാരത്തിലേറിയ സമയത്ത് തനിക്ക് മുൻപിൽ തലകുനിക്കാതെ നരേന്ദ്രമോദിക്ക് മുൻപിൽ മാത്രം തലകുനിച്ചു എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാഹുൽഗാന്ധിയുടെ ഈ പരാമർശം സഭയിൽ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണത്തിന് കാരണമായി. രാഹുൽ ഗാന്ധി സ്പീക്കർ കസേരയോട് അനാദരവ് കാണിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
നിരവധി വാഗ്വാദങ്ങൾ ഉണ്ടായ തിങ്കളാഴ്ചത്തെ സഭാ സമ്മേളനത്തിൽ ആണ് രാഹുൽ ഗാന്ധി സ്പീക്കറുടെ ആദ്യദിനത്തിലെ പെരുമാറ്റത്തെ കുറിച്ച് പരാമർശിച്ചത്. ” സ്പീക്കർ സാറിനെ കസേരയിലേക്ക് ആനയിക്കുന്നതിനായി ഞാനും പ്രധാനമന്ത്രിയും താങ്കളെ അനുഗമിച്ചിരുന്നു. ഞാൻ താങ്കൾക്ക് ഹസ്തദാനം നൽകിയപ്പോൾ നിങ്ങൾ നേരെ നിന്നുകൊണ്ട് എന്റെ കൈ കുലുക്കി. എന്നാൽ പ്രധാനമന്ത്രി നിങ്ങൾക്ക് ഹസ്തദാനം നൽകിയപ്പോൾ തലകുനിച്ചു കൊണ്ടാണ് നിങ്ങൾ തിരികെ ഹസ്തദാനം നൽകിയത് ” എന്നാണ് രാഹുൽഗാന്ധി സ്പീക്കറെ കുറ്റപ്പെടുത്തിയത്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് സ്പീക്കർ ഓം ബിർള നൽകിയ മറുപടി സഭയിലെ എൻഡിഎ എംപിമാർ കയ്യടിയോടെയാണ് സ്വീകരിച്ചത്. ” പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സഭയുടെ നേതാവാണ്. മാത്രമല്ല മുതിർന്നവരോട് ബഹുമാനം കാണിക്കുന്നതും തല കുനിക്കുന്നതും എന്റെ സംസ്കാരമാണ്. മുതിർന്നവർക്ക് മുൻപിൽ തലകുനിക്കാനും തുല്യരോട് ഹസ്തദാനം നടത്താനും ആണ് എന്റെ സംസ്കാരം എന്നെ പഠിപ്പിച്ചിട്ടുള്ളത്” എന്നാണ് സ്പീക്കർ ഓം ബിർള രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയത്.
Discussion about this post