തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥിനെ കൊന്നു കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐക്ക് ചോരക്കൊതി മാറുന്നില്ലേ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചോരക്കൊതി മാറാത്ത ഈ എസ്എഫ്‌ഐ കൂട്ടത്തെ ഇങ്ങനെ തുടരാൻ അനുവദിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരെ ആക്രമിച്ച ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുകയാണ്. കൊട്ടേഷൻ- ലഹരിക്കടത്ത് സംഘങ്ങളുടെ തലവൻമാരായ സംസ്ഥാനത്തെ സി.പി.എം-ഡി വൈഎഫ്‌ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്എഫ്‌ഐ വിദ്യാർത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സിപിഎം നേതൃത്വത്തെ ബാധിച്ച ജീർണതയാണ് അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളിലും കാണുന്നത് എന്നും അദ്ദേഹം വിമർശിച്ചു.
കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിൻറ് സെക്രട്ടറിയും വിദ്യാർത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ എസ്എഫ്‌ഐ മർദ്ദിച്ചത്. ഇതിലൂടെ ക്രിമിനൽ സംഘത്തിന്റെ കാടത്തം പുറത്തുവന്നിരിക്കുകയാണ്. അതേസമയം ക്രിമിനലുകൾക്ക് കുടപിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുതെന്നും സതീശൻ പറഞ്ഞു.
ക്യാമ്പസുകളിൽ എസ്എഫ്‌ഐ നടത്തുന്നത് രക്ഷാപ്രവർത്തനമല്ല. കൊടും ക്രൂരതകളാണ് നടത്തുന്നത്. അതിനെല്ലാം തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകൾ. ഗുണ്ടാസംഘങ്ങളെ ഇനിയും ക്യാമ്പസുകളിൽ അഴിച്ചു വിടാനാണ് പാർട്ടിയുടെ ഭാവമെങ്കിൽ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
Discussion about this post