പശ്ചിമേഷ്യയിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി റഷ്യ. ഇറാനെ ആക്രമിക്കാനുള്ള നീക്കം തീക്കളിയാണെന്നും ഇത് ഗുരുതരമായ ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ പുരോഗമിക്കവെയാണ് റഷ്യയുടെ ഈ നിർണ്ണായക ഇടപെടൽ. ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണവും വൻ ആണവ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യ ഓർമ്മിപ്പിച്ചു.
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന നീക്കങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനേ ഉപകരിക്കൂ. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉൾപ്പെടെയുള്ള പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നത്. ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്നും ആണവ വ്യാപന നിരോധന കരാർ ലംഘിക്കാൻ അവർക്ക് താൽപ്പര്യമില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ, റഷ്യയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പശ്ചിമേഷ്യയിൽ സൈനിക വിന്യാസം അതിവേഗം പൂർത്തിയാക്കുകയാണ് അമേരിക്ക.
മാർച്ച് പകുതിയോടെ പശ്ചിമേഷ്യയിലെ യുഎസ് സൈനിക സജ്ജീകരണങ്ങൾ പൂർണ്ണമാക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അമേരിക്കയും ഇസ്രായേലും കർശനമായി ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. ഇതിനിടെ റഷ്യയും ഇറാനും സംയുക്ത നാവിക അഭ്യാസം ആരംഭിച്ചത് അമേരിക്കയെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. ആകാശത്തും കടലിലും യുഎസ് സൈന്യം ഇറാനെ വളഞ്ഞതോടെ ഏത് നിമിഷവും ഒരു പൊട്ടിത്തെറി ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.








