തിരുവനന്തപുരം : എസ്എഫ്ഐക്കെതിരായ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാനും താറടിച്ചു കാണിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്ന് പിണറായി അഭിപ്രായപ്പെട്ടു. ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ നിർഭാഗ്യകരമാണ്. എന്നാൽ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
നിയമസഭയിൽ എം വിൻസെന്റിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുമ്പോൾ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എസ്എഫ്ഐയെ ന്യായീകരിച്ചത്. ഒരു പ്രത്യേക സംഘടനയെ ചൂണ്ടിക്കാട്ടി വസ്തുതകൾ വക്രീകരിക്കുകയാണ്. ഇത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരിൽ അധികവും എസ്എഫ്ഐ പ്രവർത്തകരാണ്. ഇത്തരം ഒരു അനുഭവം കെ എസ് യുവിന് പറയാനുണ്ടോ എന്നും പിണറായി വിജയൻ ചോദ്യമുന്നയിച്ചു. ക്യാമ്പസുകളിൽ സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ വിദ്യാർഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ശ്രമിക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി.
ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള സംഘർഷങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന വ്യക്തമായ അഭിപ്രായമാണ് സർക്കാരിനുള്ളത്. ഇത്തരം സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ക്രമസമാധാന പരിപാലനത്തിനായി പോലീസ് ആവശ്യമായ ഇടപെടലുകൾ നടത്തി വരുന്നുണ്ട്. വിവിധ തലങ്ങളിലുള്ള ആക്രമണങ്ങളെ നേരിട്ടു വളർന്നുവന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനത്തെ വല്ലാതെ താറടിച്ചു കാണിക്കേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കും. എന്നാൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടാകുമ്പോൾ ന്യായീകരിക്കുന്നത് ഞങ്ങളുടെ പണിയല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
Discussion about this post