ലണ്ടൻ : ഇംഗ്ലണ്ടിന്റെ കായിക ചരിത്രത്തിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ ഒരു 9 വയസ്സുകാരി പെൺകുട്ടി. അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമായാണ് ചെസ്സ് പ്രതിഭ ബോധന ശിവാനന്ദൻ ചരിത്രം കുറിച്ചിരിക്കുന്നത്. ഈ വർഷം അവസാനം ഹംഗറിയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിൽ ഇംഗ്ലണ്ട് വനിതാ ടീമിനെ പ്രതിനിധീകരിച്ച് ബോധനയും പങ്കെടുക്കും.
വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ ഹാരോയിൽ നിന്നുമാണ് ബോധന ശിവാനന്ദൻ ഇംഗ്ലണ്ടിന്റെ കായിക ചരിത്രത്തിന്റെ നെറുകയിലേക്കെത്തിയിരിക്കുന്നത്. ഇതുവരെ ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര ടീമിലെ പ്രായം കുറഞ്ഞ വനിതാ താരമായിരുന്നത് ഇരുപത്തിമൂന്നുകാരനായ ലാൻ യാവോ ആയിരുന്നു. ആ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ലാൻ യാവോയെക്കാൾ 15 വയസ്സിന് ഇളയതായ ബോധന ശിവാനന്ദൻ അന്താരാഷ്ട്ര കായിക ലോകത്തേക്ക് കടന്നുവരുന്നത്.
രണ്ടുവർഷം മുൻപ് എട്ടു വയസ്സിന് താഴെയുള്ളവരുടെ മൂന്ന് ചെസ്സ് ലോക ചാമ്പ്യൻഷിപ്പുകൾ നേടിക്കൊണ്ടാണ് ബോധന ശിവാനന്ദൻ ഇംഗ്ലണ്ടിന്റെ ചെസ്റ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മുൻനിരയിലേക്ക് കടന്നുവന്നത്. ബ്രിട്ടീഷ് ചെസ്സ് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രദ്ധേയ പ്രതിഭയാണ് ബോധന ശിവാനന്ദൻ എന്നാണ് ഇംഗ്ലണ്ടിന്റെ ചെസ്സ് ടീം മാനേജർ മാൽക്കം പെയിൻ വ്യക്തമാക്കുന്നത്. എക്കാലത്തെയും മികച്ച ബ്രിട്ടീഷ് ചെസ്സ് താരങ്ങളിൽ ഒരാൾ ആകാൻ എല്ലാ യോഗ്യതയുള്ള താരമാണ് ബോധന എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ബോധനയുടെ ഈ പ്രതിഭയിൽ വീട്ടുകാരും ഇപ്പോൾ അതിശയത്തിലാണ്. എവിടെ നിന്നാണ് തങ്ങളുടെ മകൾക്ക് ഇങ്ങനെയൊരു കഴിവ് ലഭിച്ചതെന്ന് അറിയില്ല എന്നാണ് ബോധനയുടെ പിതാവ് വ്യക്തമാക്കുന്നത്. എൻജിനീയറിങ് ബിരുദധാരികളായ ബോധനയുടെ മാതാപിതാക്കൾ ഒരിക്കലും ചെസ്സിനോട് താൽപര്യം കാണിച്ചിട്ടില്ല എന്ന് എടുത്തു പറയുന്നു. ലണ്ടനിൽ ഉണ്ടായിരുന്ന അച്ഛന്റെ ഒരു സുഹൃത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ നൽകിയ ഒരു ചെസ്സ് ബോർഡ് ആണ് ബോധനയ്ക്ക് ചെസ്സിനോട് താല്പര്യം ഉണ്ടാകാൻ കാരണം. പിന്നീട് ബോധന സ്വയം വളർത്തിയെടുത്തതാണ് തന്റെ ഉള്ളിലെ പ്രതിഭയെ. കൃത്യമായ പരിശീലനങ്ങൾ നൽകാനായി കുടുംബവും തയ്യാറായതോടെ ഇന്ന് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ ബോധനയ്ക്കായി. ചെസ്സിലെ ഏറ്റവും ഉയർന്ന കിരീടമായ ഗ്രാൻഡ്മാസ്റ്റർ ആണ് തന്റെ ലക്ഷ്യം എന്ന് ഇപ്പോഴേ ബോധന വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ കിരീടം നേടിയ അഭിമന്യു മിശ്രയെ കടത്തിവെട്ടി 10 വയസ്സിലെങ്കിലും ആ കിരീടം സ്വന്തമാക്കണമെന്നുള്ളതാണ് ഇപ്പോൾ ബോധനയുടെ ലക്ഷ്യം.
Discussion about this post