ലണ്ടൻ: ബ്രിട്ടനിൽ 14 വർഷത്തോളം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ലേബർപാർട്ടി ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുകയാണ്. പാർട്ടിയെ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമർ ആവും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുമെന്നാണ് റിപ്പോർട്ടുകൾ. കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാർലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്നാണ് വമ്പൻ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ പ്രതികരണം.ഇന്ത്യൻ വംശജനായ ഋഷി സുനക്കിന്റെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലെത്തുന്ന കെയർ സ്റ്റാർമർ ആരാണെന്നും തങ്ങളുടെ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ നയമെന്താണെന്നും ചർച്ച ചെയ്യുകയാണ് ഇന്ത്യക്കാർ.
തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാവാണ് കെയ് ർ സ്റ്റാർമർ. 61 കാരനായ ഇദ്ദേഹം അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്. അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു ഇദ്ദേഹം. വളരെ സാമ്പത്തികമായി പിന്നോക്കത്തിലായ കുടുംബത്തിലാണ് ജനനം. കാർപെന്ററായിരുന്നു പിതാവ്. അമ്മ അപൂർവ്വ രോഗത്തിനോട് മല്ലിടുന്നയാളും. കൗമാരകാലം മുതൽ രാഷ്ട്രീയത്തിൽ താൽപ്പര്യം ഉണ്ടായതോടെ പതിനാറാം വയസ്സിൽ ലേബർ പാർട്ടി യങ് സോഷ്യലിസ്റ്റിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു.പഠനത്തിലൂടെയാണ് സ്റ്റാർമർ സ്റ്റാറാവുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ലീഡ്‌സിൽ നിയമ ബിരുദം നേടിയ അദ്ദേഹം പിന്നീട് പ്രശസ്തമായ ഓക്‌സഫഡ് സർവകശാലയിൽനിന്ന് മനുഷ്യാവകാശ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. ആഫ്രിക്കൻ രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർക്കുവേണ്ടി വാദിച്ചു വിജയിച്ചാണ് അഭിഭാഷകവൃത്തിയിൽ സ്റ്റാർമർ പ്രശസ്തനായത്.
സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് തന്നെ മനുഷ്യവകാശ രംഗത്ത് സജീവമായി. നോർത്തേൺ അയർലൻഡ് പോലീസിങ് ബോർഡിന്റെ മനുഷ്യാവകാശ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയും 2002ൽ ക്വീൻസ് കൗൺസലായി നിയമിതനാകുകയും ചെയ്തു. 2003 മുതൽ 2008വരെയുള്ള അഞ്ച് വർഷക്കാലം നോർത്തേൺ അയർലൻഡ് പോലീസിങ് ബോർഡിന്റെ നിയമോപദേശകനായിരുന്നു സ്റ്റാർമർ. 2008ൽ ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായി.ക്രിമിനൽ നീതിന്യായത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2014ൽ ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി ആദരിക്കുകയുണ്ടായി. 2015ൽ ഹോൽബോൻ ആൻഡ് സെന്റ് പാൻക്രാസ് മണ്ഡലത്തിൽനിന്നാണ് ബ്രീട്ടിഷ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത് .അന്നുമുതൽ 9 വർഷമായി ഇതേ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം.
സ്റ്റാർമർ അധികാരത്തിലെത്തുന്നതോടെ ഇന്ത്യയുമായുള്ള യുകെയുടെ നയം മാറുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് അനുകൂല നിലപാട് അല്ല ലേബർ പാർട്ടിയ്ക്ക് എന്നുള്ളതാണ് ഈ ചർച്ചകൾക്ക് ആധാരമാകുന്നത്. അധികാരത്തിലെത്തിയതിന് ശേഷം സ്റ്റാർമർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ മൂലം പ്രക്ഷുബ്ധമായ ലേബർ പാർട്ടിയുടെ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. കശ്മീർ വിഷയത്തിൽ ലേബർ പാർട്ടി അവരുടെ നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശനത്തിന് വിധേയരായിട്ടുണ്ട്. കാശ്മീർ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്ന ബ്രിട്ടീഷ് സർക്കാരിന്റെ വീക്ഷണത്തിന് വിരുദ്ധമായിരുന്നു അവരുടെ നിലപാട്.
എന്നാൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയുമായുള്ള ബന്ധം എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കിയ സ്റ്റാർമർ, തന്റെ പാർട്ടി മുൻകാലങ്ങളിൽ വരുത്തിയ തെറ്റിദ്ധാരണകൾ പരിഹരിക്കാനുള്ള ഒരു ദൗത്യം ഏറ്റെടുത്തിരുന്നു.ഇന്ത്യൻ പ്രവാസികളുമായുള്ള കൂടിക്കാഴ്ചകളിലും പൊതു അഭിസംബോധനകളിലും, കശ്മീർ ഒരു ആഭ്യന്തര പ്രശ്‌നമാണെന്നും ഇന്ത്യയും പാകിസ്താനും പരിഹരിക്കുമെന്നും പറഞ്ഞിരുന്നു.ഇന്ത്യയിലെ ഏത് ഭരണഘടനാ പ്രശ്‌നങ്ങളും ഇന്ത്യൻ പാർലമെന്റിന്റെ വിഷയമാണ്, കശ്മീർ ഇന്ത്യയ്ക്കും പാകിസ്താനും സമാധാനപരമായി പരിഹരിക്കാനുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്നായിരുന്നു സ്റ്റാർമറിന്റെ നിലപാടുമാറ്റം.
കൂടാതെ വ്യാപാര കരാറിന് ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യയുമായി ഒരു പുതിയ തന്ത്രപരമായ പങ്കാളിത്തം പിന്തുടരാനുള്ള പ്രതിജ്ഞാബദ്ധത സ്റ്റാർമർ, അദ്ദേഹത്തിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. യുകെയിലെ ഇന്ത്യൻ പ്രവാസികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തന്റെ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ദീപാവലി,ഹോളി, തുടങ്ങിയ സാംസ്‌കാരിക ഉത്സവങ്ങൾ ആഘോഷിക്കുകയും ചെയ്തിരുന്നു.
Discussion about this post