മുംബൈ : ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഷാമ്പുവിന്റെയും ചിപ്സിന്റെയും എല്ലാം കുപ്പികൾ കൊണ്ട് ഉഗ്രൻ ഒരു വീട് ഒരുക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഡോക്ടർ. ഈ ഇരുനില വീടിന്റെ സീലിങ്ങും ഗോവണിയും മുതൽ തറ വരെ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് കുപ്പികൾ ഇത്തരത്തിൽ പുനരുപയോഗിക്കുന്നത് വഴി പ്രകൃതിയിലെ മലിനീകരണവും കുറയ്ക്കാം എന്ന് മാതൃകയാവുകയാണ് മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലുള്ള ഡോ. ബാൽമുകുന്ദ് പലിവാൾ.
13 ടൺ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഡോ. ബാൽമുകുന്ദ് തന്റെ വീട് നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രാപൂരിലെ ബൊട്ടാണിക്കൽ ഗാർഡന് സമീപം സ്ഥിതി ചെയ്യുന്ന ഈ വീട് കാഴ്ചയ്ക്കും അതിമനോഹരമാണ്. താഴത്തെ നിലയിൽ ഒരു വലിയ ഹാളും കിടപ്പുമുറിയും മുകൾ നിലയിൽ കുട്ടികൾക്കുള്ള മുറിയും ഒരു വരാന്തയും ഉൾപ്പെടെയുള്ളതാണ് ഈ മനോഹരമായ വീട്. 625 ചതുരശ്ര അടിയിലും 18 അടി ഉയരത്തിലും 10 അടി വീതിയിലും ആണ് ഡോ. ബാൽമുകുന്ദ് ഈ പ്ലാസ്റ്റിക് വീട് നിർമ്മിച്ചിരിക്കുന്നത്.
ഉരുളക്കിഴങ്ങ് ചിപ്സിന്റെ പാക്കറ്റുകൾ, ഷാമ്പു ബോട്ടിലുകൾ, വെള്ളക്കുപ്പികൾ തുടങ്ങി എല്ലാവരും വലിച്ചെറിയുന്ന പാൽ പാക്കറ്റുകൾ വരെ ഈ വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത ഇത് പോർട്ടബിൾ ആണ് എന്നുള്ളതാണ്. സ്‌ക്രൂകൾ ഉപയോഗിച്ച് ഫിറ്റ് ചെയ്തിരിക്കുന്ന ഈ വീട് ആവശ്യമെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അഴിച്ചുമാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാനും കഴിയും. ഇത്തരത്തിലുള്ള നിരവധി സവിശേഷതകൾ കൊണ്ട് ചന്ദ്രാപൂർ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ എത്തുന്നവർ ഇപ്പോൾ ഈ മനോഹരമായ പ്ലാസ്റ്റിക് വീട് കൂടി സന്ദർശിച്ചേ മടങ്ങാറുള്ളൂ. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് എങ്ങനെ മികച്ച രീതിയിൽ പുനരുപയോഗിക്കാം എന്നുള്ളതിന്റെ വലിയൊരു മാതൃകയാണ് ഡോ. ബാൽമുകുന്ദ് പകർന്നുനൽകുന്നത്.
Discussion about this post