ലണ്ടൻ : യുകെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വൻ വിജയത്തെത്തുടർന്ന് യുകെ പ്രധാനമന്ത്രിയായി കെയർ സ്റ്റാർമർ ചുമതലയേൽക്കും. പ്രധാനമന്ത്രി പദവിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി അദ്ദേഹം ചാൾസ് രാജാവിനെ സന്ദർശിച്ചു. തുടർന്ന് ആദ്യ ക്യാബിനറ്റ് നിയമനത്തിൽ ഉപ പ്രധാനമന്ത്രിയായി ആഞ്ചല റെയ്നറെ കെയർ സ്റ്റാർമർ നിയമിച്ചു.
44 വയസ്സുള്ള ആഞ്ചല റെയ്‌നർ സ്റ്റാർമർ മന്ത്രിസഭയിലെ ആദ്യ അംഗമാണ്. ഡൗണിംഗ് സ്ട്രീറ്റിൽ നിന്നുള്ള ഒരു പ്രസ്താവന അനുസരിച്ച് ലെവലിംഗ്, ഹൗസിംഗ്, കമ്മ്യൂണിറ്റി എന്നീ വകുപ്പുകൾ ആയിരിക്കും ആഞ്ചല റെയ്നർ ഏറ്റെടുക്കുന്നത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും വളർന്നുവന്ന ആഞ്ചല റെയ്നർ ഒരു ട്രേഡ് യൂണിയൻ ഉദ്യോഗസ്ഥയായി ആണ് തൻ്റെ കരിയർ ആരംഭിച്ചു. പിന്നീട് നിയമനിർമ്മാണ രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച ആഞ്ചല നിലവിൽ ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ കൂടിയാണ്.
14 വർഷം നീണ്ട കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിനുശേഷമാണ് യുകെയിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയിരിക്കുന്നത്. 650 പാർലമെൻ്ററി സീറ്റുകളിൽ 412 സീറ്റുകൾ നേടിക്കൊണ്ട് വൻ വിജയമാണ് ബ്രിട്ടനിൽ ലേബർ പാർട്ടി കരസ്ഥമാക്കിയിരിക്കുന്നത്.
Discussion about this post