ന്യൂഡൽഹി :സിയാച്ചിയിലെ തീപിടിത്തതിൽ വീരമൃത വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ജവാന്റെ ഭാര്യ സ്മൃതി സിംഗ് ഏറ്റുവാങ്ങി.
‘സ്വന്തം സുരക്ഷ നോക്കാതെ ജവാന്റെ അസാധാരണമായ ധൈര്യം രാജ്യം എന്നും ഓർക്കും എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു. സമാധാന കാലഘട്ടത്തെ ധീരമായ പോരാട്ടത്തിന് രാജ്യം നൽകുന്ന രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതിയാണ് കീർത്തിചക്ര .
ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്. ചടങ്ങിൽ സ്മൃതി സിംഗും ക്യാപ്റ്റൻ സിംഗിന്റെ അമ്മയും രാഷ്ട്രപതിക്ക് മുന്നിൽ നിൽക്കുന്നു . ജവാന്റെ ധീരമായ ത്യാഗത്തെ പ്രശംസിക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച് ഭാര്യ സ്മൃതി സിംഗ് നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പുന്നത് വീഡിയോയിൽ കാണാം.
2023 ജൂലൈ 19 ന്, സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് മരണപ്പെട്ടത്. ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ ക്യാപ്റ്റൻ അൻഷുമാൻ സിംഗ് ബങ്കറിലേക്ക് പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ അദ്ദേഹം ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ക്യാപ്റ്റനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Discussion about this post