ശ്രീനർ : അമർനാഥ് തീർത്ഥാടന യാത്ര താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്നാണ് തീരുമാനം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടിയെന്ന നിലയിലാണ് യാത്ര താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അമർനാഥ് യാത്ര ജൂൺ 29 നാണ് ആരംഭിച്ചത്. 3,800 മീറ്റർ ഉയരമുള്ള അമർനാഥ് ക്ഷേത്രത്തിൽ ഏഴ് ദിവസത്തിനുള്ളിൽ 1.50 ലക്ഷം ഭക്തരാണ് സന്ദർശിച്ചത് . 52 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന യാത്രയാണിത്. ഓഗസ്റ്റ് 19ന് അവസാനിക്കും. കഴിഞ്ഞ വർഷം 4.5 ലക്ഷത്തിലധികം തീർത്ഥാടകരാണ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയത് എന്നാണ് റിപ്പോർട്ട്.
കനത്ത സുരക്ഷയാണ് തീർത്ഥാടകർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയിരുന്നത്. ജമ്മു കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഉൾപ്പടെ വിവിധ അർദ്ധ സൈനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയിലാണ് തീർത്ഥാടനം നടന്നിരുന്നത്. മേഖലയിൽ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Discussion about this post