വയനാട് : വയനാട് മാനന്തവാടിയിൽ ചൂടുവെള്ളത്തിൽ വീണ് പൊള്ളലേറ്റ മൂന്നു വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫിന്റെ മകൻ മുഹമ്മദ് അസാൻ ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് യഥാസമയം ആശുപത്രിയിൽ എത്തിക്കാതെ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ തേടിയതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
മൂന്നാഴ്ച മുൻപ് ആയിരുന്നു മൂന്നു വയസ്സുകാരനായ മുഹമ്മദ് അസാന് വീട്ടിൽ ചൂട് വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിൽ വീണ് പൊള്ളലേറ്റിരുന്നത്. തുടർന്ന് കുടുംബം കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതിന് പകരം പ്രദേശത്തുള്ള നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ തേടുകയായിരുന്നു.
നാട്ടുവൈദ്യനായ കമ്മന ഐക്കരക്കുടി ജോർജ് ആണ് കുട്ടിയെ പിന്നീട് ചികിത്സിച്ചത്. 10 ദിവസത്തോളം ചികിത്സ ചെയ്തിട്ടും കുട്ടിക്ക് ഭേദമാവാതെ ആവുകയും പരിക്ക് വീണ്ടും ഗുരുതരമാവുകയും ചെയ്തതോടെ ആണ് കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടു ദിവസത്തിനകം തന്നെ കുട്ടി മരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് അൽത്താഫിനെയും കുട്ടിയെ ചികിത്സിച്ച വൈദ്യൻ ജോർജിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post