ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ഈ വരുന്ന ജൂലായ് 23 ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. എന്നാൽ കേന്ദ്ര ബജറ്റ് ഒരു വലിയ ലക്ഷ്യത്തോട് കൂടിയുള്ള പഞ്ചവത്സര കർമ്മ പദ്ധതിക്ക് രൂപം നൽകും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനുള്ള 5 വർഷ തയ്യാറെടുപ്പിന് തുടക്കം കുറിക്കാൻ പോവുകയാണ് കേന്ദ്ര ബഡ്ജറ്റ് എന്ന വിവരമാണ് പുറത്ത് വരുന്നത്.
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ ഉയർത്തുക, സാമ്പത്തിക സ്ഥിതി കൂടുതൽ ഉറപ്പിക്കുക, വളർച്ച വർധിപ്പിക്കുക, ജീവിത സൗകര്യം വർദ്ധിപ്പിക്കുക, കർഷകർ, സ്ത്രീകൾ, യുവാക്കൾ, മധ്യവർഗം, ദുർബലരായ ജനവിഭാഗങ്ങൾ, ജനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പൊതുചെലവ് നിലനിർത്തുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്
തുടർച്ചയായ ഏഴാം തവണയും ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ, . 2047-ഓടെ ഇന്ത്യയെ ഒരു വികസിത സമ്പദ്‌വ്യവസ്ഥയായി – അല്ലെങ്കിൽ “വിക്ഷിത് ഭാരത്” ആക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യത്തോട് കൂടിയുള്ള “മെച്ചപ്പെടുത്തലുകളോടെയുള്ള തുടർച്ച” എന്ന നയം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദശകത്തിൽ തന്റെ സർക്കാർ നടത്തിയ പരിവർത്തന, വികസന പ്രവർത്തനങ്ങൾക്ക് വേഗത വർദ്ധിപ്പിക്കുമെന്നും അവയ്ക്ക് കൂടുതൽ ആഴവും പരപ്പും നൽകുമെന്നും ജൂലൈ 3 ന് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ മോദി ഊന്നിപ്പറഞ്ഞിരിന്നു.
ദാരിദ്ര്യ നിർമാർജനത്തിന് ബജറ്റ് മുൻഗണന നൽകും. “അതുകൊണ്ടാണ് അടുത്ത അഞ്ച് വർഷം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൻ്റെ നിർണായക വർഷങ്ങളാകുന്നത്… ദാരിദ്ര്യത്തിനെതിരായ ഈ പോരാട്ടത്തിൽ ഈ രാജ്യം വിജയിക്കും. കഴിഞ്ഞ 10 വർഷത്തെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” മോദി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിന്റെ സമ്പൂർണ്ണ സാക്ഷാത്കാരം ആയിരിക്കും ഇത്തവണ മുതലുള്ള ബഡ്ജറ്റുകൾ ലക്‌ഷ്യം വയ്ക്കുന്നത്
Discussion about this post