ചെന്നൈ : കൊല്ലപ്പെട്ട ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിന്റെ മൃതദേഹം പാർട്ടി ഓഫീസ് വളപ്പിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് കോടതി. ആംസ്ട്രോങ്ങിന്റെ ഭാര്യ പോർക്കൊടി നൽകിയിരുന്ന ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞത്. ചെന്നൈയിലെ പാർട്ടി ഓഫീസിനു പകരമായി തിരുവള്ളൂർ ജില്ലയിലുള്ള ആംസ്ട്രോങ്ങിന്റെ ബന്ധുവിന്റെ പേരിലുള്ള സ്വകാര്യഭൂമിയിൽ സംസ്കാരം നടത്താനും മദ്രാസ് ഹൈക്കോടതി അനുമതി നൽകി.
അടിയന്തരാവശ്യം കണക്കിലെടുത്ത് ഞായറാഴ്ച ചേർന്ന പ്രത്യേക സെഷനിൽ ജസ്റ്റിസ് വി ഭവാനി സുബ്ബരായനാണ് വിധി പ്രസ്താവിച്ചത്. ചെന്നൈ പെരമ്പൂരിൽ ഉള്ള ബിഎസ്പി ഓഫീസ് വളപ്പിൽ ആംസ്ട്രോങ്ങിന്റെ മൃതദേഹം സംസ്കരിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പോർക്കൊടി അനുമതിക്കായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പാർട്ടി ഓഫീസിൽ മൃതദേഹം സംസ്കരിക്കുന്നതിന് ചെന്നൈ കോർപ്പറേഷൻ അനുമതി നൽകാതിരുന്നതിനെ തുടർന്നായിരുന്നു ആംസ്ട്രോങ്ങിന്റെ ഭാര്യ കോടതിയെ സമീപിച്ചിരുന്നത്.
എന്നാൽ നിർദിഷ്ട പാർട്ടി ഓഫീസ് വളപ്പ് ജനവാസ മേഖല ആയതിനാലും സ്ഥലവും വഴിയും അപര്യാപ്തമായതിനാലും ഇവിടെ സംസ്കാരം നടത്താൻ കഴിയില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. ബിഎസ്പി ഓഫീസ് വളപ്പിൽ ആംസ്ട്രോങ്ങിന്റെ മൃതദേഹം സംസ്കരിക്കുകയും അവിടെ അദ്ദേഹത്തിന് സ്മാരകം നിർമ്മിക്കുകയും വേണം എന്നായിരുന്നു ബിഎസ്പി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്.
വിഷയത്തിൽ കോടതിയിൽ നിന്നും അനുമതി ലഭിക്കാതിരുന്നതോടെ ആംസ്ട്രോങ്ങിന്റെ ഒരു ബന്ധുവിന്റെ പേരിലുള്ള തിരുവള്ളൂർ ജില്ലയിലെ സ്വകാര്യ ഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. തുടർന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും കോടതി നടപടികൾ പുനരാരംഭിച്ചപ്പോൾ സ്ഥലം ഉടമയായ ലത നൽകിയ അപേക്ഷ സ്വീകരിച്ച കോടതി സംസ്കാരത്തിന് അനുമതി നൽകി. ആംസ്ട്രോങ്ങിന്റെ മൃതദേഹം പൊതുസ്ദർശനത്തിന് വച്ചിരിക്കുന്ന ചെന്നൈയിലെ സ്കൂൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കേണ്ടതിനാൽ ശവസംസ്കാരത്തിനുള്ള നടപടികൾ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു.
Discussion about this post