ദിസ്പുർ : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുമ്പോഴും അസമിൽ ഏറെ ശ്രദ്ധ നേടുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഇടപെടലുകളാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളെയെല്ലാം സന്ദർശിച്ച് സൗകര്യങ്ങളും ആവശ്യങ്ങളും അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുന്ന ഹിമന്ത എങ്ങനെയാവണം ഒരു മുഖ്യമന്ത്രി എന്നുള്ളതിന്റെ മാതൃകയാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ഞായറാഴ്ചയാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിൽ ആയ കാംരൂപ് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഹിമന്ത ബിശ്വ ശർമ സന്ദർശനം നടത്തിയത്. ഓരോ ക്യാമ്പുകളിലും അദ്ദേഹം നേരിട്ട് എത്തി അവശ്യസാധനങ്ങളുടെയും മറ്റും സ്റ്റോക്ക് എടുക്കുകയും മെഡിക്കൽ സൗകര്യങ്ങളും കുടിവെള്ളത്തിനും ആഹാരത്തിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തു. ക്യാമ്പിൽ കഴിയുന്ന ജനങ്ങളുമായി നേരിട്ട് സംവദിച്ച് സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടങ്ങൾക്ക് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക പരിചരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post