ഹരാരെ: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയോട് ഏറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് 24 മണിക്കൂറിനുള്ളിൽ പരിഹാരം ചെയ്ത് ഇന്ത്യ. ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന രണ്ടാം മത്സരത്തിൽ 100 റൺസിനാണ് ഇന്ത്യ സിംബാബ്വെയെ തകർത്തത്. തകർപ്പൻ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയും ഉറച്ച പിന്തുണ നൽകിയ ഋതുരാജ് ഗെയ്ക്വാദും റിങ്കു സിംഗും, ഉജ്ജ്വല ബൗളിംഗ് പ്രകടനം പുറത്തെടുത്ത ആവേശ് ഖാനും മുകേഷ് കുമാറും രവി ബിഷ്ണോയിയും ചേർന്നാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യയുടെ നയം വ്യക്തമായിരുന്നു. 2 റൺസെടുത്ത ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും പിന്നീട് ഇന്ത്യക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 47 പന്തിൽ 100 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയും 77 റൺസുമായി പുറത്താകാതെ നിന്ന ഋതുരാജ് ഗെയ്ക്വാദും 48 റൺസുമായി പുറത്താകാതെ നിന്ന റിങ്കു സിംഗും ചേർന്ന് അക്ഷരാർത്ഥത്തിൽ സിംബാബ്വെ ബൗളിംഗ് നിരയെ തല്ലിത്തകർത്തു. കഴിഞ്ഞ കളിയിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച എല്ലാവരും ഇന്ന് നന്നായി തല്ല് കൊണ്ടു. നിശ്ചിത ഓവറുകൾ പൂർത്തിയാക്കിയപ്പോൾ 2 വിക്കറ്റിന് 234 എന്ന പടുകൂറ്റൻ ടോട്ടൽ ഇന്ത്യ പടുത്തിയർത്തി.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിലും സിംബാബ്വെ ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. 3 വിക്കറ്റ് വീതമെടുത്ത ആവേശ് ഖാനും മുകേഷ് കുമാറും 2 വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയും ചേർന്ന് അനായാസം സിംബാബ്വെയുടെ ചരമക്കുറിപ്പ് എഴുതിയപ്പോൾ, ആതിഥേയരുടെ പോരാട്ടം 18.4 ഓവറിൽ 134 റൺസിൽ അവസാനിച്ചു. 43 റൺസെടുത്ത ഓപ്പണർ മാധെവെരെയും 33 റൺസെടുത്ത ലൂക്ക് ജോംഗ്വെയും 26 റൺസെടുത്ത ബ്രയാൻ ബെന്നറ്റും മാത്രമാണ് സിംബാബ്വെ നിരയിൽ പിടിച്ചു നിന്നത്. കഴിഞ്ഞ മത്സരത്തിൽ സിംബാബ്വെയുടെ വിജയ ശിൽപ്പിയായിരുന്ന ക്യാപ്ടൻ സിക്കന്ദർ റാസ ഇന്ന് സമ്പൂർണ്ണ പരാജയമായത് അവരുടെ തോല്വിയുടെ ആഘാതം ഇരട്ടിയാക്കി.
Discussion about this post