കുൽഗാം: ജമ്മുകശ്മീരിലെ കുൽഗാമിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ജനവാസകേന്ദ്രത്തിൽ.ചിനിഗാം ഫ്രിസാൽ മേഖലയിലെ വീട്ടിനുള്ളിലെ അലമാരയിലാണ് ഒളിയിടം. കൊല്ലപ്പെട്ട എട്ട് ഭീകരരിൽ നാല് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരും ഈ അലമാരയിൽ പ്രത്യേകം തയ്യാറാക്കിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
ഒരു അലമാരയുടെ അകത്തു നിന്നാണ് ബങ്കറിനകത്തേക്കുള്ള പ്രവേശന കവാടം. അലമാരയുടെ താഴെ വാതിലാണെന്ന് മനസിലാവാത്ത വിധത്തിലാണ് ഇത് സജ്ജീകരിച്ചിരുന്നത്. നിലത്തിരുന്ന ശേഷം മാത്രം പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ഇത്.
ഈ അലമാരയ്ക്കുള്ളിൽ കടക്കാനും അവിടെ ഇരിക്കാനും പ്രത്യേക സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെയാണ് ഭീകരർ ഒളിച്ചിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭീകരർക്ക് താമസിക്കാൻ ബങ്കറുകൾ വരെ തയ്യാറാക്കിയ സാഹചര്യത്തിൽ ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.
ശനിയാഴ്ച കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സി ആർ പി സി സംഘവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്
Discussion about this post