ഉയ്ഗൂർ മുസ്ലീങ്ങളെ ഈ വർഷവും ഹജ്ജിന് പോകുന്നതിൽനിന്ന് വിലക്കി ചൈന. വാർഷിക ഹജ്ജ് തീർഥാടനത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലേക്കുള്ള ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉയ്ഗൂർ മുസ്ലീങ്ങളെ ചൈനീസ് അധികൃതർ വീണ്ടും വിലക്കിയതായി ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈന അറിയിച്ചു.
ചൈനയുടെ കണക്കനുസരിച്ച് ആകെ 1,053 മുസ്ലീം തീർത്ഥാടകർ ഔദ്യോഗികമായി ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ ആദ്യം വരെ ഗൻസു പ്രവിശ്യയിൽ നിന്ന് 769 പേരും യുനാൻ പ്രവിശ്യയിൽ നിന്ന് 284 പേരുമാണ് ഹജ്ജിനായി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഷിൻജിയാങ്ങിൽ നിന്നുള്ള ഉയ്ഗൂറുകളെയും മറ്റ് മുസ്ലീങ്ങളെയും കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ചൈനയിലെ മുസ്ലീങ്ങൾക്ക് ഹജ്ജ് തീർത്ഥാടനത്തിനായി സർക്കാർ അനുമതി ആവശ്യമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇതാദ്യമായല്ല ചൈനീസ് അധികൃതർ ഉയ്ഗൂർ മുസ്ലീങ്ങളെ ഹജ്ജിൽ നിന്ന് ഒഴിവാക്കുന്നത്. നേരത്തെ 2023ൽ നിങ്‌സിയ പ്രവിശ്യയിൽ നിന്നും ചൈനയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി 386 മുസ്ലീങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ ആരും ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ളവരല്ല. ഈ മേഖലയിലെ ഇസ്ലാമിക ആചാരങ്ങൾ നിയന്ത്രിക്കുന്നതിന് ചൈനീസ് അധികാരികൾ നിരവധി നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇസ്ലാമിക അർത്ഥങ്ങളുള്ള ഡസൻ കണക്കിന് വ്യക്തികളുടെ പേരുകൾ ഇതിന്റെ ഭാഗമായി നിരോധിച്ചിട്ടുണ്ട്.2014 മുതൽ ഇസ്‌ലാം മതം പിന്തുടരുന്ന പത്ത് ലക്ഷത്തോളം ആളുകളെ ചൈന തടവിലാക്കിയിട്ടുണ്ട്.ഹിജാബുകൾക്കും അബായകൾക്കും നിരോധനം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. ഇതിനുപുറമേ, 630 ഉയ്ഗൂർ ഗ്രാമങ്ങളുടെ പേര് സർക്കാർ മാറ്റി. പുരുഷന്മാർക്ക് താടി വളർത്തുന്നതിനും കുട്ടികൾക്ക് മുസ്ലീം പേരുകൾ നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ആരോഗ്യപരമായും സാമ്പത്തികമായും ശേഷിയുള്ളവർ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഹജ്ജ് കർമം നിർവഹിക്കണമെന്നാണ് മുസ്ലിം മതം അനുശാസിക്കുന്നത്.
Discussion about this post