ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി ജർമ്മനിയിൽ നിന്നും നാല് പുതിയ കവചിത വാഹനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഇന്ത്യ സന്ദർശിക്കുന്ന വിദേശ രാഷ്ട്രത്തലവൻമാർക്കും വിദേശ വിവിഐപികൾക്കുമുള്ള സഞ്ചാരത്തിനായാണ് വിദേശകാര്യമന്ത്രാലയം ഈ പുതിയ കവചിത വാഹനങ്ങൾ വാങ്ങിയിരിക്കുന്നത്. നിലവിൽ മുംബൈ തുറമുഖത്ത് എത്തിയിട്ടുള്ള വാഹനങ്ങൾ ഉടൻതന്നെ വിദേശകാര്യമന്ത്രാലയം ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകും.
2.2 മില്യൻ യൂറോ വിലപിടിപ്പുള്ള മെഴ്സിഡസിന്റെ കവചിത ലിമോസിനുകൾ ആണ് വിദേശകാര്യ മന്ത്രാലയം വാങ്ങിയിരിക്കുന്നത്. ജർമനിയിലെ ഡെയ്മ്ലർ എജിയിൽ നിന്നും ആണ് ഈ വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഇറക്കുമതി ചെയ്യുന്ന ഈ വാഹനങ്ങളുടെ കസ്റ്റം തീരുവ ഒഴിവാക്കുന്നതിനായി നേരത്തെ വിദേശകാര്യമന്ത്രാലയം കേന്ദ്ര ധന മന്ത്രാലയത്തെ സമീപിച്ചിരുന്നു.
നാല് കവചിത വാഹനങ്ങൾക്കുമായി 20 കോടി ഇന്ത്യൻ രൂപയോളം ആണ് വില വരുന്നത്. പൂർണ്ണമായും നിർമ്മിച്ച കാറുകൾ ആയതിനാൽ ഇവയുടെ ഇറക്കുമതി കസ്റ്റംസ് തീരുവ മൂല്യത്തിന്റെ 100% ആയിരിക്കും. ഇതിനാലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കസ്റ്റം തീരുവ ഒഴിവാക്കുന്നതിനായി ധനമന്ത്രാലയത്തെ സമീപിച്ചിരുന്നത്. ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന വിദേശ രാഷ്ട്രത്തലവൻമാർക്ക് ഏറ്റവും മികച്ച സുരക്ഷ നൽകുന്ന സ്പെസിഫിക്കേഷനുകൾ ഉൾപ്പെടുത്തിയാണ് ഈ കവചിത വാഹനങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
Discussion about this post