ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് ആറ് ഭീകരർ ആണ്. ഹിസ്ബുൾ മുജാഹിദിന് വേണ്ടി പ്രവർത്തിക്കുന്ന ഭീകരരാണ് ദക്ഷിണ കശ്മീരിലെ വിവിധ ഇടങ്ങളിലായി കൊല്ലപ്പെട്ടത്. ജൂലൈ 6, 7 ദിവസങ്ങളിൽ ആയി നടന്ന സൈനിക നടപടി ഹിസ്ബുൾ മുജാഹിദീന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ആർ ആർ കമാൻഡർ ബ്രിഗേഡിയർ പൃഥ്വിരാജ് ചൗഹാൻ വ്യക്തമാക്കി.
ദക്ഷിണ കശ്മീരിൽ നടന്ന ഓപ്പറേഷനിൽ ഒരു ഇന്ത്യൻ സൈനികന് ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. ചിനിഗാമിൽ നടന്ന ദൗത്യത്തിലാണ് സൈനികൻ പ്രഭാകർ പ്രവീൺ വീര മൃത്യു വരിച്ചത്. രാഷ്ട്രത്തിന് വേണ്ടി പരമമായ ത്യാഗമാണ് അദ്ദേഹം നിറവേറ്റിയത്. ഇന്ത്യൻ സൈന്യത്തിന്റെ മനക്കരുത്ത് കൊണ്ട് 6 ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കാൻ നമുക്ക് കഴിഞ്ഞു എന്നും ആർ ആർ കമാൻഡർ ബ്രിഗേഡിയർ പൃഥ്വിരാജ് ചൗഹാൻ അറിയിച്ചു.
ദക്ഷിണ കശ്മീരിലെ ചിനിഗാമിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരരെയാണ് സൈന്യം വധിച്ചത്. കുൽഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയും കൊലപ്പെടുത്തി. അടുത്തടുത്ത രണ്ട് ദിവസങ്ങളിൽ ആയാണ് ഈ രണ്ട് ഏറ്റുമുട്ടലുകളും നടന്നത്. എല്ലാ ഏജൻസികളുടെയും സൈന്യത്തിന്റെയും നിരീക്ഷണ ഉപകരണങ്ങളുടെയും സഹായത്തോടെ കാശ്മീരിലെ ഓരോ പ്രദേശങ്ങളിലുമുള്ള നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. മരിച്ച ഭീകരരിൽ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ എല്ലാവരും തന്നെ ഹിസ്ബുൾ മുജാഹിദീന് വേണ്ടി പ്രവർത്തിക്കുന്നവരാണ് എന്ന് ദക്ഷിണ കശ്മീർ ഡിഐജി ജാവേദ് അഹമ്മദ് മാട്ടു അറിയിച്ചു.
Discussion about this post