തിരുവനന്തപുരം : സപ്ലൈകോ സിഎംഡി സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. പി ബി നൂഹ് ആണ് ശ്രീറാമിന് പകരം സപ്ലൈകോ സിഎംഡിയായി നിയമിക്കപ്പെട്ടിട്ടുള്ളത്. ടൂറിസം ഡയറക്ടർ സ്ഥാനത്തു നിന്നും ആണ് പി ബി നൂഹ് സപ്ലൈകോയിലേക്ക് എത്തുന്നത്. ശ്രീറാം വെങ്കിട്ടരാമന് പകരമായി പുതിയ നിയമനം നൽകിയിട്ടില്ല.
പി ബി നൂഹിന് പകരം ടൂറിസം ഡയറക്ടർ ആയി ശിഖ സുരേന്ദ്രന് നിയമനം നൽകിയിട്ടുണ്ട്. നിലവിൽ ശിഖ സുരേന്ദ്രൻ കെടിഡിസി എംഡിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമാണ്. ടൂറിസം ഡയറക്ടറായി സ്ഥാനം ഏറ്റെടുക്കുന്നതോടൊപ്പം തന്നെ കെടിഡിസി എംഡി സ്ഥാനത്തും ശിഖ തുടരുന്നതായിരിക്കും.
ശിഖ സുരേന്ദ്രന് പകരമായി ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി എത്തുന്നത് എറണാകുളം ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടിയാണ്. മാധവിക്കുട്ടി നിലവിൽ നിർവഹിച്ചിരുന്ന ചുമതല ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയ്ക്ക് നൽകിയിട്ടുണ്ട്.
Discussion about this post