ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർന്നത് വളരെ ചുരുങ്ങിയ പ്രദേശങ്ങളിൽ മാത്രമാണെന്ന് വിശദീകരിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. ഉയർന്ന മാർക്കുകൾ വിതരണം ചെയ്യപ്പെട്ട പ്രദേശങ്ങളുടെ ഡാറ്റ വിശകലനം വഴിയാണ് ഏജൻസി ഇക്കാര്യം കണ്ടെത്തിയത്. തങ്ങളുടെ കൈവശമുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത് വലിയ തോതിലുള്ള ലീക്ക് ഉണ്ടായിട്ടില്ല എന്നാണെന്നും ഏജൻസി വ്യക്തമാക്കി.
ആകെ വരുന്ന 11000 റാങ്കുകളും രാജ്യത്തുടനീളമുള്ള എണ്ണൂറിലധികം കേന്ദ്രങ്ങളിലായി തുല്യമായാണ് വിഭജിക്കപ്പെട്ടിരിക്കുന്നതെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി തങ്ങളുടെ ഡാറ്റ വിശകലനത്തിലൂടെ കണ്ടെത്തിയത്.
ആയിരം വീതമുള്ള ബണ്ടിലുകളായി പരീക്ഷാര്ഥികളുടെ സ്കോറിങ് പാറ്റേൺ പഠിച്ചതിൽ നിന്നും കണ്ടെത്തിയത് ആദ്യത്തെ റാങ്കുകൾ നേടിയ ആയിരം പേർ ഏതെങ്കിലും പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കുന്നില്ല എന്നാണ്. രാജ്യത്താകെയുള്ള 800 കേന്ദ്രങ്ങളിലായി ഇവർ വിന്യസിതരാണ്. അതേസമയം ആദ്യ 1 ലക്ഷം റാങ്കുകളിൽ വരുന്നവരാകട്ടെ 4,500 കേന്ദ്രങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇവരാണ് എംബിബിഎസ്, ഡെന്റൽ സീറ്റുകളിലേക്ക് പോവുക. ആകെ 4,750 കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ഇതോടു കൂടി ഏതെങ്കിലും ഒരു പ്രേത്യേക കേന്ദ്രത്തിലായി റാങ്കുകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത വ്യക്തമായതായി ദേശീയ ടെസ്റ്റിംഗ് ഏജൻസി വെളിപ്പെടുത്തി.
അതെ സമയം പരീക്ഷയിൽ 640നു മുകളിൽ സ്കോർ ചെയ്തത് പാറ്റ്നയിലെയും ഗോധ്രയിലെയും 12ഉം 8ഉം കേന്ദ്രങ്ങളിൽ നിന്നുള്ള 175 കുട്ടികൾ മാത്രമാണ്. കൂടാതെ 680 മാർക്കിനു മുകളിൽ ലഭിച്ചിരിക്കുന്നത് പാറ്റ്നയിലെ കേന്ദ്രങ്ങളിലെ 35 വിദ്യാർത്ഥികൾക്ക് മാത്രമാണെന്നും ഇത് സൂചിപ്പിക്കുന്നത് വൻതോതിലുള്ള ലീക്ക് നടന്നിട്ടില്ലെന്നുമാണെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. ഇതിനർത്ഥം രാജ്യത്തിലുടനീളം ഒന്നോ രണ്ടോ കേന്ദ്രങ്ങളിലൊഴികെ പരീക്ഷ നടന്നത് സുരക്ഷിതമായിട്ടാണ് എന്ന് തന്നെയാണ്
Discussion about this post