മോസ്‌കോ : രണ്ടുദിവസത്തെ റഷ്യൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ ഓസ്ട്രിയയിലേക്ക് തിരിക്കും. നരേന്ദ്രമോദിയുടെ ഓസ്ട്രിയ സന്ദർശനം ചരിത്രപരമായാണ് വിലയിരുത്തപ്പെടുന്നത്. 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഓസ്ട്രിയയിൽ എത്തുന്നത്. തലസ്ഥാനമായ വിയന്നയിൽ എത്തുന്ന പ്രധാനമന്ത്രി ചാൻസലർ കാൾ നെഹാമറെ സന്ദർശിക്കുന്നതായിരിക്കും.
1983ല്‍ ഇന്ദിരാഗാന്ധി ആയിരുന്നു ഇതിനു മുൻപ് ഓസ്ട്രിയയിൽ സന്ദർശനം നടത്തിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി. മധ്യ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം. മോദി ഓസ്ട്രിയയിൽ എത്തുന്നത് ഒരു വലിയ ബഹുമതിയായി കണക്കാക്കുന്നതായി ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറെ തന്റെ എക്സ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായുള്ള 75 വർഷത്തെ നയതന്ത്ര ബന്ധത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം എന്ന് കാൾ നെഹാമറെ വ്യക്തമാക്കി. 40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക് എത്തുന്നത് പ്രത്യേക ബഹുമതിയായി കണക്കാക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post