ന്യൂജഴ്‌സി: കോപ്പ അമേരിക്ക സെമി ഫൈനലിൽ കാനഡയ്‌ക്കെതിരേ എതിരില്ലാത്ത 2 ഗോളിന് അര്‍ജന്റീനക്ക് വിജയം. 22-ാം മിനിറ്റില്‍ മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസാണ് ലോകചാമ്പ്യന്‍മാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍ നായകൻ മെസ്സിയും ഗോള്‍ നേടി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് വന്നപ്പോഴും സമാനമായ രീതിയിൽ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.
22-ാം മിനിറ്റിലാണ് ലോകചാമ്പ്യന്‍മാരുടെ ആദ്യ ഗോളെത്തിയത്. മൈതാനമധ്യത്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന റോഡ്രിഗോ ഡി പോള്‍ മുന്നേറ്റ താരം ജൂലിയന്‍ അല്‍വാരസിലേക്ക് മനോഹരമായ ഒരു ലോങ്ങ് പാസ് നൽകുകയായിരുന്നു . കാനഡ പ്രതിരോധത്തെ കീറിമുറിച്ചു കൊണ്ട് കടന്നു പോയ ആ പാസ് കാലിലൊതുക്കി കൊണ്ട് മുന്നോട്ടാഞ്ഞ അല്‍വാരസ് പന്ത് അനായാസം വലയിലെത്തിച്ചു
രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ കാലിൽ നിന്നും അർജന്റീനയുടെ രണ്ടാമത്തെ ഗോൾ വരുന്നത് . ബോക്‌സിന്റെ എഡ്ജില്‍വെച്ച് മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് പിറകിലേക്ക് നല്‍കിയ പാസ് , അര്‍ജന്റീനാ താരത്തിന്റെ കാലിലെത്തി. ബോക്‌സ് ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ ദിശമാറി തട്ടി വലയിലേക്ക്.
മെസ്സി ഓഫ്‌സൈഡാണെന്ന് വാദിച്ച് കനേഡിയന്‍ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ വാര്‍ ചെക്കിങ് നടത്തി. പരിശോധനയ്‌ക്കൊടുവില്‍ അത് ഗോള്‍ ആണെന്ന് വിധിക്കുകയായിരുന്നു.
Discussion about this post