ബിഗ് ബാഷ് ലീഗിലെ സിഡ്‌നി ഡെർബിയിൽ സിഡ്‌നി സിക്‌സേഴ്‌സിനായി ഒന്നിച്ച സ്റ്റീവ് സ്മിത്തും ബാബർ അസമും തമ്മിലുണ്ടായ ‘സിംഗിൾ’ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പാകിസ്ഥാനിൽ വലിയ ചർച്ചയാകുന്നു. സിംഗിൾ എടുക്കാൻ വിസമ്മതിച്ച് ബാബറിനെ സ്ട്രൈക്കിൽ നിന്ന് മാറ്റിയ സ്മിത്തിന്റെ നടപടിയെ മുൻ താരം കമ്രാൻ അക്മൽ വിമർശിച്ചപ്പോൾ, ബാബറിന്റെ മെല്ലെപ്പോക്കിനെ ബാസിത് അലി പരിഹസിച്ചു.
ഇന്നലത്തെ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടറിനായി ഡേവിഡ് വാർണർ 65 പന്തിൽ 110 റൺസ് അടിച്ചുകൂട്ടി. എന്നാൽ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഡ്‌നി സിക്‌സേഴ്‌സിനായി സ്റ്റീവ് സ്മിത്ത് വെറും 41 പന്തിൽ സെഞ്ച്വറി തികച്ച് തണ്ടറിനെ തകർത്തുവിട്ടു. മത്സരം ഇങ്ങോട്ടും തിരിയാം എന്ന ഖത്തിലായിരുന്നു സ്മിത്തിന്റെ മാജിക്ക്.
റയാൻ ഹാഡ്‌ലി എറിഞ്ഞ ഒരു ഓവറിൽ നാല് സിക്സറുകൾ ഉൾപ്പെടെ 32 റൺസാണ് സ്മിത്ത് അടിച്ചെടുത്തത്. ഇത് ബിബിഎൽ ചരിത്രത്തിലെ തന്നെ റെക്കോർഡാണ്. അതിന് തൊട്ടുമുമ്പുള്ള ഓവറിലെ അവസാന ഓവറിലാണ് ബാബർ സിംഗിളിനായി ശ്രമിച്ചിട്ട് സ്മിത്ത് അത് അനുവദിക്കാതെ ഇരുന്നത്. ഇതിന്റെ കലിപ്പിൽ ആണ് ഔട്ട് ആയപ്പോൾ അത് പ്രകടമാക്കി തന്നെ ബാബർ മടങ്ങിയത്.
“ബാബറിനെപ്പോലൊരു ലോകോത്തര താരത്തെ സ്ട്രൈക്ക് നൽകാതെ അപമാനിക്കരുതായിരുന്നു. ഇത്രയും പ്രശ്നമാണെങ്കിൽ ബാബറിനെ ടീമിൽ നിന്ന് പുറത്തിരുത്തണം. സ്ട്രൈക്ക് കൈമാറില്ലെന്ന് ബാബറിനോട് മുൻകൂട്ടി പറയാമായിരുന്നു. സ്മിത്തിനെപ്പോലെ തുടർച്ചയായി സിക്സറുകൾ അടിക്കാൻ ബാബറിന് കഴിയില്ല എങ്കിലും ബാബറും മികച്ച ബാറ്റ്‌സ്മാനാണ്.” കമ്രാൻ അക്മൽ പറഞ്ഞു.
അതെ സമയം കമ്രാൻ അക്മൽ പറഞ്ഞ വാദത്തെ ബാസിത് അലി എതിർത്തു “വിരാട് കോഹ്‌ലിയാണ് ആ സിംഗിൾ ചോദിച്ചതെങ്കിൽ സ്മിത്തിന്റെ അപ്പൻ പോലും അത് നൽകുമായിരുന്നു. തന്റെ കളിശൈലി കൊണ്ട് ബാബർ സ്വന്തം മൂല്യം കുറച്ചു. ടി20-യിൽ ഇത്രയും ഡോട്ട് ബോളുകൾ കളിച്ചാൽ പിന്നെ ആരാണ് സ്ട്രൈക്ക് നൽകുക?”
പവർ സർജ് ഓവറുകളിൽ ചെറിയ ബൗണ്ടറികൾ ലക്ഷ്യം വെച്ചാണ് താൻ സ്ട്രൈക്ക് നിലനിർത്തിയതെന്നാണ് തന്റെ പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് സ്മിത്ത് പറഞ്ഞത്. ബാബറിന് ഇതിൽ അതൃപ്തിയുണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post