പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന മൂന്നാം പരാതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ആദ്യത്തെ രണ്ട് പരാതികളില്‍ കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചിരുന്നെങ്കിലും, മൂന്നാമത്തെ ഗുരുതരമായ പരാതിയിലാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഹോട്ടലില്‍ വിളിച്ചുവരുത്തി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നതാണ് രാഹുലിനെതിരെയുള്ള മൂന്നാം കേസ്. കോടതി ഉത്തരവിനെത്തുടര്‍ന്ന് രാഹുലിനെ റിമാന്‍ഡ് ചെയ്തു.
തിരുവല്ലയില്‍ വൈദ്യപരിശോധനയ്ക്കും കോടതിയില്‍ ഹാജരാക്കിയപ്പോഴും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും, റിമാന്‍ഡിലായ രാഹുലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുന്നതിനിടെ സംഘര്‍ഷാവസ്ഥയുണ്ടായി. ജയിലിന് മുന്നില്‍ തടിച്ചുകൂടിയ യുവമോര്‍ച്ച പ്രവര്‍ത്തകർ രാഹുലിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. മാവേലിക്കര കോടതി വളപ്പിലൂടെ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രവര്‍ത്തകർ മുദ്രാവാക്യം വിളികളുമായി വാഹനത്തിന് പിന്നാലെ പാഞ്ഞെത്തിയത്. വാഹനത്തിന് നേരെ ചീമുട്ടയേറുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. സംഭവത്തില്‍ മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.
യുവതിയുടെ പരാതിയില്‍ പത്തനംതിട്ട പോലീസാണ് രാഹുലിനെതിരെ കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി രാഹുലിനെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയതും ജാമ്യാപേക്ഷ തള്ളിയതും. കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച അറസ്റ്റിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, സദാചാര വിരുദ്ധമായ നടപടികളാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപിയും യുവമോര്‍ച്ചയും വിമര്‍ശിക്കുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് രാഹുലിനെ ഇപ്പോള്‍ മാവേലിക്കര സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.












Discussion about this post