ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഒഴിവാക്കി താൻ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചുവെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഒരു ചടങ്ങിലാണ് ട്രംപ് ഈ ‘അതിശയോക്തി’ നിറഞ്ഞ പ്രസ്താവന നടത്തിയത്. തന്റെ ഇടപെടൽ മൂലം കുറഞ്ഞത് പത്ത് ദശലക്ഷം (ഒരു കോടി) പേരുടെ ജീവൻ രക്ഷപ്പെട്ടതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, ട്രംപിന്റെ ഈ മധ്യസ്ഥതാ വാദത്തെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. പാകിസ്ഥാനുമായുള്ള വിഷയങ്ങളിൽ ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ ഇന്ത്യ അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് ഇന്ത്യ.ഒരു വർഷത്തിനുള്ളിൽ എട്ട് സമാധാന കരാറുകൾ താൻ ഉണ്ടാക്കിയെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിച്ചെന്നും ട്രംപ് ചടങ്ങിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യ-പാക് വിഷയത്തിലേക്ക് അദ്ദേഹം കടന്നത്.ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ഞങ്ങൾ നിർത്തിച്ചു. ഇത് എനിക്കൊരു ബഹുമതിയാണ്,” ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ വർഷം വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ, ട്രംപിന്റെ ഇടപെടൽ 10 ദശലക്ഷം പേരുടെ ജീവൻ രക്ഷിച്ചുവെന്ന് നേരിട്ട് അറിയിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം മെയ് 10-ന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നിൽ താനാണെന്ന് ട്രംപ് ഇതിനകം 80 തവണയെങ്കിലും ആവർത്തിച്ചു കഴിഞ്ഞു.
ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും അയൽരാജ്യങ്ങളുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങളിലും പുറത്തുനിന്നുള്ള ഒരാളുടെയും ഉപദേശം ആവശ്യമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. മെയ് മാസത്തിലുണ്ടായ വെടിനിർത്തൽ ഇരുരാജ്യങ്ങളിലെയും സൈനിക നേതൃത്വങ്ങൾ (DGMO) തമ്മിൽ നേരിട്ട് സംസാരിച്ച് തീരുമാനിച്ചതാണെന്നും ഇതിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഒപ്പറേഷൻ സിന്ദൂർ’ ആണ് പാകിസ്താനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നാണ് ഭാരതത്തിന്റെ പക്ഷം. വിദേശ രാജ്യങ്ങളുടെ മുന്നിൽ തലകുനിക്കാത്ത, ആത്മനിർഭരമായ ഒരു വിദേശനയമാണ് നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നത്. ട്രംപിന്റെ അവകാശവാദം തന്റെ വ്യക്തിപരമായ നേട്ടമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും ഇതിന് വസ്തുതകളുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.











Discussion about this post