ബംഗളൂരൂ :രേണുകസ്വാമി വധക്കേസിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി കന്നഡ നടൻ ദർശൻ . വീട്ടിൽ നിന്ന് ഭക്ഷണം , കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രേണുകസ്വാമി വധക്കേസിൽ നടൻ ഹർജി നൽകിയിരിക്കുന്നത്.
നിലവിൽ ബംഗളൂരു പരപ്പടന അഗ്രാഹ ജയിലിൽ കഴിയുകയാണ് നടൻ ദർശൻ. ജയിലിൽ നൽകുന്ന ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. ഭക്ഷണം കഴിച്ചാൽ ദഹിക്കുന്നില്ല. ജയിലിൽ എത്തിയതിനുശേഷം ശരീരഭാരം കുറഞ്ഞതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നടന് വയറിളക്കം ബാധിച്ചതായും ഭക്ഷ്യവിഷബാധയാണെന്നും ജയിൽ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാൽ ജയിൽ അധികൃതർ അംഗീകരിച്ചില്ല, ജയിൽ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് എന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രേണുകസ്വാമി വധക്കേസിൽ നടൻ ദർശനും സുഹൃത്ത് നടി പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദർശനുമായുള്ള നടി പവിത്ര ഗൗഡയുടെ ബന്ധത്തെ ചോദ്യം ചെയ്യുകയും നടിക്ക് അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും ചെയ്യ്തതിന് ആരാധകനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷോക്ക് ഏൽപ്പിച്ചതിന്റെയും പഴുപ്പിച്ച ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചതിന്റെയും മുറിവുകൾ രേണുക സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റുമോർട്ട റിപ്പോർട്ടിലുണ്ട്.
Discussion about this post